ഒമ്പതാം ക്ലാസിൽ വിദ്യാർഥി നേതാവ്, അടിയന്തരാവസ്ഥക്കാലത്ത് ​16 മാസം തടവറയിൽ; കണ്ണൂരിന്‍റെ ഉശിരുമായി കോടിയേരിക്ക്​ മൂന്നാമൂഴം

കോടിയേരി ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ബാലകൃഷ്ണനിലെ നേതൃശേഷി പാർട്ടി തിരിച്ചറിഞ്ഞിരുന്നു. അന്ന്​ പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ കെ.എസ്.എഫിന്റെ (ഇന്നത്തെ എസ്.എഫ്.ഐയുടെ മുൻഗാമി) യൂണിറ്റ് സ്കൂളിൽ ആരംഭിച്ചപ്പോൾ ബാലകൃഷ്ണനെ പ്രഥമ സെക്രട്ടറിയാക്കിയതും അതുകൊണ്ടുതന്നെ.

തലശ്ശേരിക്കടുത്ത കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണന്‍റെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നു. 1970ൽ കോളജ് യൂനിയൻ ചെയർമാനായി. ഇക്കാലത്ത്​ തന്നെ സി.പി.എം​ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970ൽ തിരുവനന്തപുരത്ത് നടന്ന എസ്.എഫ്.ഐയുടെ രൂപവത്​കരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു


തുടർന്ന്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ പ്രവർത്തനകേന്ദ്രം തലസ്ഥാനമായി. ഇത്​ രാഷ്​ട്രീയ ജീവിതത്തിൽ വൻ വഴിത്തിരിവായിരുന്നു.1973ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. ഈ കാലയളവിൽ സി.പി.എമ്മിന്‍റെ കോടിയേരി ലോക്കൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. 1973 മുതൽ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി.

അടിയന്തരാവസ്ഥ കാലത്ത്​ 16 മാസത്തോളം മിസ തടവുകാരനായി ജയിലിൽ കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി വിജയൻ, ഇമ്പിച്ചിബാവ, വി.വി ദക്ഷിണാമൂർത്തി, എം.പി വീരേന്ദ്രകുമാർ, ബാഫഖി തങ്ങൾ എന്നിവർക്കൊപ്പമായിരുന്നു ജയിൽവാസം. ഈ സമയം രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു.



1980 മുതൽ 1982 വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988ലെ ആലപ്പുഴ സമ്മേളനത്തിലാണ്​ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്​. '90 മുതൽ '95 വരെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി. '95ൽ കൊല്ലം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2002ൽ ഹൈദരാബാദ്​ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയംഗമായി. 2008ൽ കോയമ്പത്തൂർ സമ്മേളനം മുതൽ പോളിറ്റ് ബ്യൂറോ അംഗമാണ്​.

2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന ഇരുപത്തിയൊന്നാം സി.പി.എം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പിണറായി വിജയന്‍റെ​ പിൻഗാമിയായിട്ടായിരുന്നു സ്ഥാനാരോഹണം. 2018 ഫെബ്രുവരി 26ന് തൃശൂരിൽ നടന്ന ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനത്തിൽ വീണ്ടും തെരെഞ്ഞെടുത്തു. ഇപ്പോൾ കൊച്ചി സമ്മേളനത്തിൽ തുടർച്ചയായി മൂന്നാം തവണയും സെക്രട്ടറി പദവിയിലെത്തി.


1982, 87, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശ്ശേരി മണ്ഡലത്തിൽനിന്ന് വിജയിച്ച്​ എം.എൽ.എയായി. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എൽ.ഡി.എഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി.

സി.പി.എം നേതാവും തലശ്ശേരി മുൻ എം.എൽ.എയുമായ എം.വി. രാജഗോപാലിന്റെ മകൾ എസ്.ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി. മരുമക്കൾ: ഡോ. അഖില, റിനീറ്റ.


Tags:    
News Summary - Kodiyeri Balakrishnan CPM Kerala state secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.