സി.പി.എമ്മിലെ സൗമ്യസ്മിതം; പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവ്

കണ്ണൂർ: അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് വേട്ടയുടെ നാളുകൾ. തലശ്ശേരിയിൽ സ്കൂൾ വിദ്യാർഥികളെ കൂട്ടി പ്രതിഷേധ പ്രകടനം നടത്തിയതിന് ഒരു വിദ്യാർഥി നേതാവിനെ പൊലീസ് പിടിച്ചു ലോക്കപ്പിലിട്ടു.

അതേ ലോക്കപ്പിലേക്ക് അന്നു വൈകീട്ട് ഒരു എം.എൽ.എയെയും കൊണ്ടുവന്നു. തല്ലുകൊണ്ട് കാലിൽ നീരുവന്ന് നിൽക്കാൻ ബുദ്ധിമുട്ടിയ എം.എൽ.എയുടെ പരിചരണം വിദ്യാർഥി നേതാവ് സ്വയം ഏറ്റെടുത്തു. പിന്നീട് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെയും എം.എൽ.എയുടെ ശുശ്രൂഷ വിദ്യാർഥി നേതാവ് തുടർന്നു. എം.എൽ.എയുടെ പേര് പിണറായി വിജയൻ. വിദ്യാർഥി നേതാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു. രാഷ്ട്രീയ കേരളത്തിലെ ഒരപൂർവ സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു അത്. സ്കൂൾ മുറ്റത്ത് തുടങ്ങി, തടവറയിലും പോരാട്ടവഴികളിലും ഇഴയടുപ്പം നേടി, അധികാര കേന്ദ്രങ്ങളിലെത്തിയപ്പോഴും ഒരു പോറൽ പോലുമില്ലാതെ പതിറ്റാണ്ടുകൾ തുടർന്ന അപൂർവമായ പാരസ്പര്യമാണത്.

തലശ്ശേരിയിൽനിന്ന് വിളിപ്പാടകലെ രണ്ടു ഗ്രാമങ്ങളാണ് പിണറായിയും കോടിയേരിയും. അവിടെനിന്നുള്ള രണ്ടുപേർ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചപ്പോൾ ഈ സ്ഥലനാമങ്ങൾ പാർട്ടിയിലെ അധികാര സമവാക്യത്തിന്‍റെ മറുപേരുകളായി. പിണറായി വിജയൻ നേതാവ്. തൊട്ടടുത്ത അനുയായി കോടിയേരി ബാലകൃഷ്ണൻ. വിദ്യാർഥി രാഷ്ട്രീയകാലം മുതൽ പാർട്ടി സെക്രട്ടറി വരെ അത് അങ്ങനെയായിരുന്നു. കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ, പിണറായി വിജയൻ തലശ്ശേരി കോടിയേരിയിലെ ഓണിയൻ സ്കൂളിൽ കെ.എസ്.എഫ് യൂനിറ്റ് ഉദ്ഘാടനത്തിന് എത്തുമ്പോൾ ബാലകൃഷ്ണനായിരുന്നു യൂനിറ്റ് സെക്രട്ടറി.

പിന്നീട് യുവജനപ്രസ്ഥാനത്തിലും സി.പി.എമ്മിലും പിണറായിയുടെ കാലടി തുടർന്ന് പിന്നാലെ കോടിയേരി വളർന്നു. 37 വയസ്സിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി, 42 വയസ്സിൽ സംസ്ഥാന സെക്രട്ടറി, 49 വയസ്സിൽ പോളിറ്റ് ബ്യൂറോ അംഗം, 2015ൽ സംസ്ഥാന സെക്രട്ടറി പദവികളെല്ലാം പിണറായിക്ക് പിന്നാലെ വന്നത് കോടിയേരിയാണ്. പിണറായിക്ക് ശേഷം മുഖ്യമന്ത്രിക്ക് പദത്തിലേക്ക് ഇനിയെരാളെ പാർട്ടി പരിഗണിക്കുമായിരുന്നുവെങ്കിൽ അത് കോടിയേരി ആകുമായിരുന്നുമെന്നുറപ്പ്. ആ തുടർച്ചയുടെ കണ്ണിമുറിച്ചാണ് കോടിയേരി വിട പറഞ്ഞത്.

പാർട്ടിക്കുള്ളിൽ 'ഹെഡ്മാസ്റ്റർ' ആയ പിണറായിയുടെ കാർക്കശ്യം അനുഭവിച്ചിട്ടില്ലാത്ത നേതാക്കൾ സി.പി.എമ്മിൽ വിരളം. എന്നാൽ, കോടിയേരിയോട് മുഖം കറുപ്പിക്കേണ്ടി വന്ന ഒരു അവസരം പോലും പിണറായിക്ക് ഉണ്ടായതായി പറഞ്ഞുകേട്ടിട്ടില്ല. അതിന് കാരണം കോടിയേരിയുടെ സദാചിരിക്കുന്ന, സൗമ്യമായ പെരുമാറ്റമാണ്. മാത്രമല്ല, പിണറായിക്ക് ഒരു ചുവട് പിന്നിൽ നിൽക്കാൻ ആഗ്രഹിച്ച കോടിയേരി ഒരിക്കൽ പോലും മുന്നിൽ കയറാൻ ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു ചിന്ത അദ്ദേഹത്തിന്‍റെ സ്വപ്നത്തിൽപോലുമില്ലെന്ന് കോടിയേരിയെ അടുത്തറിയുന്നവരെല്ലാം സാക്ഷ്യപ്പെടുത്തും. അത് പിണറായിക്കും അറിയാം.

എല്ലാവരോടും തോളിൽ കൈയിടാതിരിക്കാനുള്ള അകലം സൂക്ഷിക്കാറുള്ള പിണറായി കോടിയേരിയെ തോളോട് ചേർത്ത് നിർത്തുന്നത് അതുകൊണ്ടാകാം. എം.എ ബേബിയെ പോലുള്ളവരെ മറികടന്ന് പോളിറ്റ് ബ്യുറോയിലെത്തിയത് ഉൾപ്പെടെയുള്ള കോടിയേരിയുടെ ഉയർച്ചകൾക്ക് പിന്നിൽ പിണറായിയുടെ കടാക്ഷമുണ്ട്. മക്കളുണ്ടാക്കിയ തുടർവിവാദങ്ങളിൽ പാർട്ടി പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം കോടിയേരിയുടെ പിൻബലം പിണറായിയുടെ പിന്തുണയായിരുന്നു. സ്വഭാവരീതികളിൽ പിണറായിയുടെ നേർവിപരീതനാണ് കോടിയേരി. കാർക്കശ്യമല്ല, സൗമ്യതയാണ് മുഖമുദ്ര. എന്നിട്ടും ഇരുവർക്കുമിടയയിൽ നേരിയ ഒരു പിണക്കവുമില്ലാതെ പതിറ്റാണ്ടുകൾ കടന്നുപോയി എന്നതും മറ്റൊരു സവിശേഷതയാണ്. പിണറായിയും വി.എസും നേർക്കുനേർ നിന്ന് പോരടിച്ച സി.പി.എമ്മിലെ തീവ്രവിഭാഗീയതയുടെ നാളുകളിൽ പിണറായി പക്ഷത്തിന്‍റെ തേരാളിയായിരുന്ന കോടിയേരിയോട് വി.എസിനുമില്ല പരിഭവം.

പാർട്ടിക്കുള്ളിലെ എതിർപക്ഷത്തോട് മാത്രമല്ല, പുറത്തെ ശത്രുക്കളോടും മുഖം കറുപ്പിക്കാറില്ല. തന്‍റെ പ്രിയപ്പെട്ട നേതാവ് പിണറായിക്ക് മുന്നിൽ കോടിയേരി ഒരുപടികൂടി വിനയാന്വിതനാകുന്നതാണ് എന്നും കണ്ടിട്ടുള്ളത്. സഹപ്രവർത്തകർ എന്നതിനപ്പുറം 'സഹോദരന്മാർ' എന്ന നിലയിൽ മനസ്സിണക്കമുണ്ട് ആ ബന്ധത്തിന്.

'ബാലകൃഷ്ണണാ...' എന്ന പിണറായിയുടെ വിളിയിൽ ജ്യേഷ്ട സഹോദരന്‍റെ വാത്സല്യമുണ്ട്. സഖാവ് എന്നാണ് കോടിയേരി തിരിച്ചുവിളിക്കാറുള്ളത്. മറ്റുള്ളവരോട് പറയുമ്പോൾ പിണറായി സഖാവ് എന്നാകും വിളി. അതിലടങ്ങിയ വിനയവും ആദരവും കേൾക്കുന്നവർക്ക് അനുഭവിച്ചറിയാനാവുകയും ചെയ്യും.

പിണറായി വിജയന്‍റെ നിഴലായി, പിൻഗാമിയായി മാത്രം നിൽക്കാൻ ആഗ്രഹിക്കുകയും അത് കൃത്യമായി പാലിക്കുകയും ചെയ്തയാളാണ് കോടിയേരി ബാലകൃഷ്ണൻ. അർബുദത്തിന് കീഴടങ്ങി കോടിയേരി വിട പറയുമ്പോൾ രാഷ്ട്രീയ ജീവിതത്തിൽ ഇതാദ്യമായി രണ്ടാമൻ ഒന്നാമനെ മറികടന്നു. അവസാനമായി ലാൽസലാം പറഞ്ഞ് മുഷ്ടിചുരുട്ടി പിണറായി അഭിവാദ്യമർപ്പിക്കുമ്പോൾ മുന്നേപോയതിന് കോടിയേരിയുടെ മനം മാപ്പുപറയാതിരിക്കില്ല.

Tags:    
News Summary - kodiyeri balakrishan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.