ജയിലില്‍ ഡോഗ് സ്ക്വാഡിനെ കൊടിസുനി ആക്രമിച്ചു

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം. കഞ്ചാവ്-ലഹരി ഉല്‍പന്നങ്ങളുടെ പരിശോധനക്കായി ഡോഗ് സ്ക്വാഡിനെയും ജീവനക്കാരെയും  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കൊടിസുനി കൈയേറ്റം ചെയ്തു. ഭയന്ന ഡോഗ് സ്ക്വാഡിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.
രാവിലെ ഏഴോടെ തടവുകാര്‍ പ്രാതല്‍ കഴിക്കുമ്പോഴാണ് പരിശോധനക്ക് ഡോഗ് സ്ക്വാഡ് സെല്ലുകളിലത്തെിയത്. ഭക്ഷണം ഒരുക്കിവെച്ച പാത്രത്തില്‍ നായ് തലയിട്ടുവെന്നാരോപിച്ചാണ് കൊടിസുനി പ്രകോപിതനായത്. നായിനെ കാലുകൊണ്ട് തട്ടിമാറ്റിയ സുനി കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തത്രേ.  
മറ്റ് തടവുകാരും സംഘടിച്ചത്തെിയതോടെ ഡോഗ് സ്ക്വാഡിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. മറ്റ് ജീവനക്കാരത്തെി തടവുകാരെ പിടിച്ചുമാറ്റി.  തടവുകാരുടെ കൈവശം കഞ്ചാവുള്‍പ്പെടെ ലഹരി പദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്നും നായ് മണംപിടിച്ചത്തെിയാല്‍ പിടിക്കപ്പെടുമെന്നും മുന്‍കൂട്ടി കണ്ടുള്ള നീക്കമായിരുന്നു ആക്രമണമെന്നും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. കൊടിസുനി അടക്കമുള്ളവരെ കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പരിശോധനയുടെ പേരില്‍ സംഘര്‍ഷം. 2014 ജനുവരി 30ന് രാത്രിയില്‍ ടി.പി. വധക്കേസ് പ്രതികളെ വിയ്യൂരിലേക്ക് കൊണ്ടുവന്നപ്പോള്‍ പരിശോധനക്കിടെ മര്‍ദിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ജയിലിനകത്ത് തടവുകാരന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച സംഭവവുമുണ്ടായിരുന്നു. ഇയാള്‍ മെഡിക്കല്‍ കോളജില്‍ പ്രിസണേഴ്സ് വാര്‍ഡില്‍ ചികിത്സയിലാണ്.
രാത്രി ജയിലിനകത്ത് വൈദ്യുതി നിലച്ച സമയത്താണ് ഇയാള്‍ ഉടുമുണ്ടില്‍ തൂങ്ങിയത്. വൈദ്യുതി വന്നപ്പോള്‍ സഹ തടവുകാര്‍ ഇത് കണ്ടതിനെ തുടര്‍ന്ന് ഉടന്‍ താഴെയിറക്കി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
 

Tags:    
News Summary - kodi suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.