കോടാലി ശ്രീധരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ

കുഴല്‍പ്പണ കവര്‍ച്ചസംഘത്തലവന്‍ കോടാലി ശ്രീധരനും മകനും അറസ്റ്റിൽ

തൃശൂര്‍/കൊരട്ടി: കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചസംഘത്തലവന്‍ കോടാലി ശ്രീധരനും മകൻ അരുണും തൃശൂര്‍ കൊരട്ടിയില്‍ പിടിയിലായി. ചാലക്കുടി ഡിവൈ.എസ്.പിയുടെ സ്ക്വാഡാണ് പിടികൂടിയത്. അഞ്ചു സംസ്ഥാനങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയായ ശ്രീധരനെ കര്‍ണാടക പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഗോവ സംസ്ഥാനങ്ങളിലെ കുഴല്‍പ്പണ കവര്‍ച്ച കേസുകളിലെ പ്രതിയാണ് ശ്രീധരൻ.

ജന്മസ്ഥലമായ വെള്ളിക്കുളങ്ങര കോടാലിയില്‍ ശ്രീധരനെത്തിയെന്ന വിവരം ലഭിച്ച കൊരട്ടി പൊലീസ് നടത്തിയ തിരച്ചിലിലാണ് ശ്രീധരന്‍ വലയിലായത്. കാറിൽ യാത്ര ചെയ്തിരുന്ന ശ്രീധരനെ പാലിയേക്കര മുതൽ പിന്തുടർന്നാണ് കൊരട്ടി ജങ്ഷനില്‍നിന്ന് പിടികൂടിയത്. പൊലീസിനു നേരെ ​ശ്രീധരൻ തോക്ക് ചൂണ്ടിയെങ്കിലും വാഹനത്തിന്റെ ചില്ലുകൾ തകർത്ത് പൊലീസ് ഇയാളെ സാഹസികമായി കീഴടക്കി. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ശ്രീധരനോടൊപ്പം കാറിലുണ്ടായിരുന്ന അരുണിനെ അറസ്റ്റ് ചെയ്തത്.

2010 മുതല്‍ ഒളിവിലായിരുന്നു ശ്രീധരൻ. ഒന്നര വര്‍ഷം മുമ്പാണ് ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേരളത്തില്‍ മാത്രം ശ്രീധരനെതിരെ 33 കേസുകളുണ്ട്

കുഴല്‍പ്പണ സംഘങ്ങളെ ഹൈവേയില്‍ കവര്‍ച്ച ചെയ്യുന്നതാണ് ശ്രീധരന്‍റെ രീതി. 40 കോടിയിലേറെ രൂപ ശ്രീധരനും സംഘങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കുഴല്‍പ്പണ സംഘത്തിനുള്ളില്‍ നുഴഞ്ഞുകയറുന്ന ശ്രീധരന്‍റെ സംഘാംഗങ്ങള്‍ ഒറ്റുകാര്‍ക്ക് 40 ശതമാനത്തിലേറെ തുക ഓഫര്‍ ചെയ്യും. ഒറ്റുകാർ വഴി പണം കൊണ്ടുവരുന്ന വഴി മനസ്സിലാക്കി പൊലീസ് വേഷത്തിലെത്തിയാണ് കവര്‍ച്ച. പണം തട്ടിയത് പൊലീസല്ലെന്ന് കുഴല്‍പ്പണ കടത്തുകാര്‍ക്ക് മനസ്സിലാവുമ്പോഴേക്കും ശ്രീധരനും കൂട്ടാളികളും രക്ഷപ്പെട്ടിരിക്കും.

കര്‍ണാടക പൊലീസ് കേരളത്തില്‍ പലതവണ തിരഞ്ഞെത്തിയെങ്കിലും ശ്രീധരന്‍ വഴുതിപ്പോവുകയായിരുന്നു. ഇവിടത്തെ നടപടികൾക്ക് ശേഷം മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന് ഇയാളെ വിട്ടുനൽകും. 

Tags:    
News Summary - kodali sreedharan and son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.