മെട്രോ: അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി ഇ. ശ്രീധരൻ

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയത്​ വിവാദമാക്കാതെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി ഇ.ശ്രീധരൻ. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ വ്യാഴാഴ്​ച രാവിലെ തന്നെ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ എത്തി. ഉദ്​ഘാടന ചടങ്ങ്​ നടക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചു. 

 കെ.എം.ആർ.എൽ ഉദ്യോഗസ്ഥരും ഇ. ശ്രീധരനോടൊപ്പമുണ്ട്​. ഉദ്ഘാടനശേഷം മെട്രോ സർവീസ് നടത്തുന്ന പാലരിവട്ടം മുതൽ മുഴുവൻ ദൂരം ശ്രീധരൻ വിശദമായി പരിശോധിച്ചേക്കും. 

അതേസമയം, മെട്രോമാൻ ഇ.ശ്രീധരൻ ഉൾപ്പെടെയുള്ളവരെ ഉദ്​ഘാടന വേദിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ.ശ്രീധരനെ വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എൽ.എ പി.ടി. തോമസ് എന്നിവരെയും വേദിയിൽ ഉൾപ്പെടുത്തണമെന്നു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.

ഇ.ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖരെ വേദിയിൽനിന്ന് ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷണക്കത്ത്​ തയാറാക്കിയതാണ്​ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുകൾ  മാത്രമേ ക്ഷണക്കത്തിലുള്ളൂ. ക്ഷണക്കത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും മന്ത്രി തോമസ്​ ചാണ്ടി,  കെ.വി. തോമസ്​ എം.പി, മേയർ സൗമിനി ജയിൻ എന്നിവർക്കും വേദിയിൽ ഇരിപ്പിടമുണ്ടാകും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവർക്ക് മാത്രമായിരിക്കും സംസാരിക്കാൻ അവസരം.
വേദിയിൽ നിന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എം.എൽ.എ പി.ടി. തോമസ്​, കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഏലിയാസ്​ ജോർജ് തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു. 

13 പേരടങ്ങുന്ന പട്ടികയാണ്​ കെ.എം.ആർ.എൽ അധികൃതർ പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയിരുന്നത്. മുഖ്യമന്ത്രി, ഗവർണർ, ഇ. ശ്രീധരൻ, പ്രതിപക്ഷ നേതാവ്, മന്ത്രി തോമസ്​ ചാണ്ടി, കെ.വി. തോമസ്​ എം.പി, ഏലിയാസ്​ ജോർജ്, പി.ടി. തോമസ്​ എം.എൽ.എ, മേയർ സൗമിനി ജയിൻ, കേന്ദ്ര നഗരവികസന സെക്രട്ടറി, സംസ്​ഥാന ചീഫ് സെക്രട്ടറി തുടങ്ങിയവരാണ്​ ഇതിലുണ്ടായിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫിസ് ഇതിൽനിന്ന്​ ആറ് പേരെ വെട്ടുകയായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ഏഴ് പേർ മാത്ര​േമ വേദിയിൽ ഉണ്ടാകൂ എന്നാണ​ത്രേ ചട്ടം. 

ഇ. ശ്രീധരനെ ഒഴിവാക്കിയതാണ്​ വലിയ പ്രതിഷേധത്തിനിടയാക്കിയത്​​. എന്നാൽ, ഇതിൽ അസ്വാഭാവികതയില്ലെന്നും ശനിയാഴ്​ച നടക്കുന്ന ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി

Tags:    
News Summary - Kochi Metro inauguration - E Sreedhran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.