കൂരിയാട് പാലം നിർമിക്കാൻ തയാറാണെന്ന് കെ.എൻ.ആർ കണ്‍സ്ട്രക്ഷന്‍സ്

ഹൈദരാബാദ്: മലപ്പുറം കൂരിയാട് പാലം നിർമിക്കാൻ തയാറാണെന്ന് നിർമാണ കമ്പനിയായ കെ.എൻ.ആർ കണ്‍സ്ട്രക്ഷന്‍സ്. ദേശീയപാത 66ന്‍റെ ഒരു ഭാഗം തകരാന്‍ ഇടയായത് മണ്ണിന്റെ കുഴപ്പം മൂലമെന്നും കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി അറിയിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നു പറഞ്ഞ ജലന്ധര്‍ റെഡ്ഡി ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മ്മിക്കാന്‍ കമ്പനി തയ്യാറാണെന്നും വ്യക്തമാക്കി. അധികൃതരുടെ നിര്‍ദേശങ്ങള്‍ കമ്പനി കര്‍ശനമായി പാലിക്കും.

പ്രദേശത്തെ ഭൂഗര്‍ഭ സാഹചര്യങ്ങളും ഉയര്‍ന്ന ജലവിതാനവും തകര്‍ച്ചയ്ക്ക് ഘടകമായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അണ്ടര്‍പാസ് അപ്രോച്ച് റാമ്പുകളിലൊന്നാണ് ഇടിഞ്ഞുവീണത്. ഇതോടെ സര്‍വീസ് റോഡും താറുമാറായി. പ്രധാനപാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും ജലന്ധര്‍ റെഡ്ഡി പറഞ്ഞു.

അതിനിടെ, റോഡ് നിര്‍മ്മിച്ച നെല്‍വയല്‍ വികസിച്ചതും, ദേശീയപാതയ്ക്ക് വിള്ളല്‍ വീഴാനും, ഇടിഞ്ഞ് വീഴാനും കാരണമായിയെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ്മ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് ദേശീയപാതയുടെ തകര്‍ച്ചക്കു കാരണമെന്ന ആരോപണം അദ്ദേഹം തള്ളി. കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ കെ.എൻ.ആർ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിരിക്കുകയാണ്.

കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തുന്നത്. കോഴിക്കോട്‌ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു. അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതം സ്തംഭിച്ചു.

Tags:    
News Summary - KNR Constructions says it is ready to construct the Kuriyad bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.