കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: പ്രളയകാലത്ത് വിതരണം ചെയ്ത അരിക്ക് കണക്കുപറഞ്ഞ് പൈസ വാങ്ങിയവരാണ് ഇപ്പോൾ 29 രൂപക്ക് അരിയുമായി ഇറങ്ങിയിരിക്കുന്നതെന്ന് ധനന്ത്രി കെ.എൻ. ബാലഗോപാൽ. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നാടകങ്ങൾ ഇനിയും പ്രതീക്ഷിക്കാം. ക്ഷേമ പെൻഷനടക്കം വിതരണം ചെയ്യാൻ കഴിയാത്തവിധം കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണ്.
അർഹമായ കടമെടുപ്പ് പരിധിയിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടച്ച് കഴിച്ചാൽ അത്രയുംതുക വീണ്ടും വായ്പയെടുക്കാം (റീപ്ലെയിസ് ബോറോയിങ്). ഇത്തരത്തിൽ 2000 കോടി രൂപയുടെ പുനർവായ്പക്ക് അനുമതി തേടിയെങ്കിലും ഇനിയും അനുവാദം നൽകിയിട്ടില്ല. ഈ തുക കിട്ടിയാൽ ഒരുമാസത്തെയെങ്കിലും ക്ഷേമ പെൻഷൻ നൽകാം. പെൻഷൻകാരോട് പോലും കണ്ണിൽ ചോരയില്ലാതെയാണ് പെരുമാറുന്നത്. സംസ്ഥാന ട്രഷറിയിൽ 6000 കോടിയാണ് നിക്ഷേപമായുള്ളതെന്നിരിക്കെ 13,000 കോടിയെന്നാണ് കേന്ദ്രം വാദിക്കുന്നതും വായ്പയെടുക്കുന്നതിൽ തടസ്സമുണ്ടാക്കുന്നതും. ഓരോ സംസ്ഥാനത്തിന്‍റെയും സാഹചര്യങ്ങൾക്കനുസരിച്ച് ധന കമീഷൻ നികുതി വിഹിതം പങ്കുവെക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. എന്നാൽ ‘ഞങ്ങൾ തയ്ച്ച് നൽകുന്ന കുപ്പായം നിങ്ങളെല്ലാം ധരിച്ച് കൊള്ളണമെന്ന’ ശാഠ്യമാണ് കേന്ദ്രത്തിന്.
തിരുവനന്തപുരം: ബി.ജെ.പിക്കെതിരെയുള്ള പൊതുവായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കർണാടകയുടെ ഡൽഹി സമരം ന്യായമാണെന്നും കേരളത്തിലേത് അന്യായസമരമെന്നുമാണ് പ്രതിപക്ഷം പറയുന്നത്. കോൺഗ്രസ് ദേശീയ നേതാക്കൾ ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സന്നദ്ധരായിരുന്നുവെങ്കിലും കേരളത്തിലെ കോൺഗ്രസുകാർ ഇടപെട്ട് തടയിടുകയായിരുന്നു. ബജറ്റിൽ വിദേശ സർവകലാശാലകളുടെ സാധ്യതകൾ പരിശോധിക്കുമെന്ന് പറയുന്നത് എങ്ങനെ വിവാദമാകുമെന്നും ധനമന്ത്രി വാർത്തസമ്മേളനത്തിൽ ചോദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.