സജനക്ക്​ സഹായവും സുരക്ഷയും നൽകും; അക്രമികൾക്കെതിരെ നടപടിയെന്നും കെ.കെ ഷൈലജ ടീച്ചർ

കോഴിക്കോട്​: എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്ന സജന ഷാജിയെന്ന ട്രാൻസ്​ജെൻഡറെ തൊട്ടടുത്ത്​ കച്ചവടം ചെയ്യുന്നവർ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്​ത സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ.കെ. ഷൈലജ ടീച്ചൾ.

സംഭവവുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമത്തിൽ കരഞ്ഞുകൊണ്ട്​ ലൈവിൽ വന്ന്​ പരാതിപറഞ്ഞ സജനയോട്​ ഫോണിൽ വിളിച്ച്​ സംസാരിച്ചെന്നും അവർക്ക്​​​ ആവശ്യമായ സഹായവും സുരക്ഷയും നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും​ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മന്ത്രി അറിയിച്ചു. വിഷയത്തിൽ പൊലീസ്​ സ്​റ്റേഷനിൽ പരാതി പറഞ്ഞിട്ടും ഇടപെടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും അവർ മോശം രീതിയിലാണ്​ പ്രതികരിച്ചെന്നും സജന ആരോപിച്ചിരുന്നു.

അക്രമികൾക്കെതിരെ നടപടിയെടുക്കാനും മന്ത്രി ഫേസ്​ബുക്ക്​ പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. സാമൂഹ്യനീതി വകുപ്പി​െൻറ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്നും കെ.കെ ഷൈലജ ടീച്ചർ വ്യക്തമാക്കി.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണരൂപം

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തി​െൻറ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു.ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും.

സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയും ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സില്‍ ഇതില്‍ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവർ മുഖാന്തരം പ്രശ്‌നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.


എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ...

Posted by K K Shailaja Teacher on Tuesday, 13 October 2020

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.