കെ.കെ. ശൈലജ, കെ. മുരളീധരൻ

‘ഏറ് കിട്ടുമ്പോൾ ഇങ്ങനെ വിഷമിച്ചാൽ പോര, ഇടപെടണം...’ കെ. മുരളീധരനോട് കെ.കെ. ശൈലജ; ‘രോഗികളുടെ സൗകര്യത്തിനാണ് ഞാനും വീണയും പ്രവർത്തിച്ചത്’

കണ്ണൂർ: ആരോഗ്യമന്ത്രിയായിരിക്കേ താനും ശേഷം വന്ന വീണാ ജോർജും 10 വർഷക്കാലം രോഗികളുടെ സൗകര്യത്തിനായിരുന്നു പ്രവർത്തിച്ചതെന്ന് സി.പി.എം നേതാവ് കെ.കെ. ശൈലജ. നേരത്തെ ആരോഗ്യവകുപ്പിനെതിരെ നിരന്തരം കുറ്റം പറഞ്ഞ് നടന്നിരുന്ന നിലവിലെ മന്ത്രി കെ. മുരളീധരന് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ എന്നും ശൈലജ പരിഹസിച്ചു.

‘ഞാനും ശേഷം വന്ന വീണാ ജോർജും ഈ 10 വർഷക്കാലം രോഗികളുടെ സൗകര്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. അതിനെയെല്ലാം കുറ്റം പറഞ്ഞവർക്ക് എന്താണ് ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിന്റെ പ്രയാസം എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഞങ്ങൾ അങ്ങോട്ട് കല്ലെറിഞ്ഞത് എളുപ്പമായിരുന്നുവെന്നും ഇങ്ങോട്ട് ഏറ് കിട്ടുമ്പോഴാണ് വിഷമം എന്നൊക്കെ ഇപ്പോൾ പറയാൻ തുടങ്ങിയല്ലോ. അങ്ങനെ വിഷമിച്ചാൽ പോര, കൃത്യമായിട്ട് ഇടപെടണം.

നല്ല നിലയിൽ മീറ്റിങ്ങുകൾ ഒക്കെ വിളിച്ചു ചേർത്ത് ജീവനക്കാർക്കും ഉദ്യോഗസ്ഥര്‍ക്കും എല്ലാം നിർദേശം കൊടുത്ത് കൃത്യമായിട്ട് ആശുപത്രികളെ പ്രവർത്തിപ്പിക്കണം. അവിടെയെല്ലാം നല്ല സജ്ജീകരണവും സാധ്യതയും ഒക്കെ ഉണ്ട്. അതിനെ എങ്ങനെ എങ്ങനെ നമ്മൾ പ്രവർത്തിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗവൺമെന്റ് ആശുപത്രികളുടെ വിശ്വാസ്യതയും നിലനിൽപും. അതുകൊണ്ട് ഇനി ഒരു രോഗിക്ക് സർക്കാർ ആശുപത്രിയിൽ നിന്ന് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ശക്തമായി ഇടപെടണം. നമ്മുടെ പുതിയ ആരോഗ്യ ശൃംഖലയെ തകർക്കാൻ കൂട്ടുനിൽക്കരുത്. അതിനെ ശക്തമാക്കി ജനങ്ങൾക്ക് അനുഭവയോഗ്യമാക്കണമെന്ന് മാത്രമേ പറയാനുള്ളൂ’ -ശൈലജ പറഞ്ഞു.

സർക്കാർ ആശുപത്രികൾ സാധാരണക്കാർക്ക് സൗജന്യ ചികിത്സ നൽകാനുള്ള കേന്ദ്രങ്ങളാണെന്നും, അത് ധർമ്മാശുപത്രിയല്ലെന്ന് പറഞ്ഞ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് തിരിച്ചുവിടാൻ ജീവനക്കാർക്ക് യാതൊരു അധികാരവുമില്ലെന്നും അവർ പറഞ്ഞു. ‘സർക്കാർ ഖജനാവിൽ നിന്ന് ഓരോ വർഷവും ബജറ്റിലൂടെ പണം വകയിരുത്തി സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സ്ഥാപനങ്ങളാണ് സർക്കാർ ആശുപത്രികൾ. ഇത് ധർമ്മാശുപത്രിയല്ല, സ്വകാര്യ ആശുപത്രിയിലേക്ക് പൊയ്ക്കോളൂ എന്ന് രോഗികളോട് പറയാൻ ആർക്കും അധികാരമില്ല. ഗവൺമെന്റ് ആശുപത്രികളിലെ ഭൂരിഭാഗം ഡോക്ടർമാരും ജീവനക്കാരും പ്രതിബദ്ധതയോടെയാണ് പെരുമാറുന്നതെങ്കിലും, രോഗികളോട് മോശമായി പെരുമാറുന്ന ചിലരുണ്ട്. അവരെ ശക്തമായി നിയന്ത്രിക്കുകയും ആശുപത്രി സംവിധാനങ്ങളിൽ കൃത്യമായി ഇടപെടുകയും വേണം. അല്ലാത്തപക്ഷം ജനങ്ങളിൽ നിന്ന് കടുത്ത പ്രതികരണമുണ്ടാകും’ -ശൈലജ പറഞ്ഞു.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക വെച്ച് മറന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി സംസാരിക്കവെ, ക്ലിനിക്കൽ പിഴവുകൾ സംഭവിച്ചാൽ ഉടൻ ഇടപെട്ട് ഉത്തരവാദികളായവരെ കണ്ടെത്തുകയും അത് ആവർത്തിക്കാതിരിക്കാനുള്ള കടുത്ത നടപടികൾ സ്വീകരിക്കുകയുമാണ് ഒരു ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്തമെന്ന് ശൈലജ പറഞ്ഞു. ‘ആരോഗ്യ മേഖലയിൽ മുൻപ് നടന്ന അബദ്ധങ്ങളെയോ ക്ലിനിക്കൽ പിഴവുകളെയോ ആരും ന്യായീകരിച്ചിട്ടില്ല.

ചില ക്ലിനിക്കൽ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് ആവർത്തിക്കാതിരിക്കാനുള്ള പ്രവർത്തനം നമ്മൾ നടത്തും. ഉടനെ നമ്മൾ ഇടപെടും. അപ്പോൾ തന്നെ അതിന് ഉത്തരവാദികളായ ആളുകളെ കണ്ടുപിടിക്കും. എന്നിട്ട് ഇനി ഒരിക്കലും ആവർത്തിക്കരുത് എന്ന ശക്തമായ ഇടപെടൽ നടത്തുകയാണ് ഒരു ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം. അല്ലാതെ പണ്ട് നിങ്ങൾ കത്രിക വയറ്റിൽ വെച്ചിട്ടില്ലേ ഇനി ഞങ്ങൾ രണ്ടെണ്ണം വെക്കും എന്ന് പറയലല്ല. അങ്ങനെ പറയാൻ ഒരു ആരോഗ്യമന്ത്രിയുടെ ആവശ്യമില്ലല്ലോ. അതിനെയൊന്നും ആരും ന്യായീകരിക്കുന്നില്ല. ഇത്തരത്തിലുള്ള അലംഭാവം ഇപ്പോൾ തുടർക്കഥയായിട്ട് മാറുകയാണ്. ആ തുടർക്കഥ ഭയപ്പെടുത്തുന്നതാണ്. അങ്ങനെ ഭയം ജനിപ്പിക്കരുത് എന്ന് മാത്രമേ അവരോട് പറയാനുള്ളൂ’ -കെ.കെ. ശൈലജ പറഞ്ഞു.

തിരുവനന്തപുരത്ത് പി.എസ്.സി ഉദ്യോഗാർത്ഥികൾ തലമുണ്ഡനം ചെയ്ത് നടത്തുന്ന സമരത്തോടുള്ള സർക്കാരിന്റെ നിലപാടിനെയും മുൻമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. മുൻപ് സമരപ്പന്തലുകളിൽ പോയി സമരക്കാരെ പ്രോത്സാഹിപ്പിച്ചവർ, ഇപ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ ജോലിക്ക് വേണ്ടി സമരം ചെയ്യുമ്പോൾ അതിനെ പരിഹസിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും, തലമുണ്ഡനം ചെയ്ത് സമരം ചെയ്യുന്ന സഹോദരി അടക്കമുള്ള ഉദ്യോഗാർത്ഥികളോട് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നീതി ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നും ശെശലജ ആവശ്യപ്പെട്ടു. 

Tags:    
News Summary - K.K. Shailaja says health dept worked for patients for 10 years, mocks K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.