മാനവീയം വീഥി മേയർ വി.വി രാജേഷിന്റെ താല്പര്യം നടപ്പാക്കാനുള്ള ഇടമല്ല; സംസ്ഥാന സർക്കാർ ഏറ്റെടുക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോർപറേഷൻ മേയർ വി. വി രാജേഷിന്റെ രാഷ്ട്രീയ താൽപര്യം നടപ്പിലാക്കാനുള്ള ഇടമല്ല മാനവീയം വീഥിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. മാനവീയം വീഥി തലസ്ഥാന നഗരിയിലെ സാംസ്കാരിക - രാഷ്ട്രീയ പരിപാടികളുടെ ജനാധിപത്യ ഇടമാണ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം മാനവീയം വീഥിയിൽ ഇക്വാലിറ്റി ലാബ് സംഘടിപ്പിച്ച ജന്തർ മന്തർ പരിപാടിയെ തുടർന്ന് സംഘാടകർക്കെതിരെ കേസ് ചുമത്തുകയും മൈക്ക്സെറ്റ് അടക്കമുള്ള സാമഗ്രികൾ ബലമായി പിടിച്ചെടുക്കുകയും ചെയ്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ട ഒരു പ്രതിഷേധ പരിപാടിയോട് പക്ഷപാതപരമായ നിലപാടാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ സ്വീകരിച്ചത്.

രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികൾക്ക് മാനവീയം വീഥി അനുവദിക്കേണ്ടെന്ന തിരുവനന്തപുരം മേയറുടെ താല്പര്യത്തെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാൽ, ബി ജെ പി ക്കെതിരെ രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് യഥാർത്ഥത്തിൽ മേയറുടെ നിലപാടിന് പിറകിലുള്ളത്. നേരത്തെ രാജ്യത്തെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

തലസ്ഥാന നഗരിയിൽ വർഷങ്ങളായി രാഷ്ട്രീയ ഉള്ളടക്കമുള്ള നിരവധി പരിപാടികൾ നടന്നു കൊണ്ടിരിക്കുന്ന പൊതു ഇടമാണ് മാനവീയം വീഥി. പ്രതിഷേധങ്ങളെ ഭയന്ന് ഡൽഹിയിലെ ജന്തർ മന്തർ കൊട്ടിയടക്കുകയും പ്രതിഷേധിച്ച വിദ്യാർത്ഥി യുവജനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്ത അമിത്ഷായുടെ അതേ ജനാധിപത്യവിരുദ്ധ നിലപാടാണ് വി വി രാജേഷും ആവർത്തിക്കുന്നത്. ഇത് കേരളം അംഗീകരിച്ചു തരില്ല.

മേയറുടെ ആജ്ഞാനുവർത്തിയായി മ്യൂസിയം പൊലീസ് സ്റ്റേഷൻ അധികാരികൾ മാറരുത്. സംസ്ഥാന ആഭ്യന്തര വകുപ്പ് വിഷയത്തിൽ ഇടപെടണം. മാനവീയം വീഥി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. സംഘാടകർക്കെതിരെ ചുമത്തിയ കേസ് പിൻവലിക്കുകയും പിടിച്ചെടുത്ത മുഴുവൻ സാമഗ്രികളും വിട്ടു കൊടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Welfare Party demands state takeover of Manaveeyam Veedhi, slams Mayor V.V. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.