വി.ഡി. സതീശൻ
കിഫ്ബി ഭൂമി ഇടപാടിൽ വിജിലന്‍സ് അന്വേഷണം; പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ചാണ് സർക്കാർ നീക്കം, സഭയിൽ വാക്പോര്
തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് കോടികൾ ചെലവഴിച്ച് കിഫ്ബി വഴി നടത്തിയ കണ്ണൂര്‍ ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ ഇടപാടിൽ വിജിലന്‍സ് അന്വേഷണം നടത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ചാണ് സർക്കാർ നീക്കം. ഇതുസംബന്ധിച്ച മന്ത്രിസഭ ശിപാർശ വിജിലന്‍സ് ഡയറക്ടർക്ക് കൈമാറും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.
പദ്ധതികളുടെ പേര് വ്യക്തമാക്കാതെ കണ്ണൂര്‍ ജില്ലയില്‍ ആദ്യം ആയിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദേശത്തിന്റെ മറവില്‍ പിന്നീട് 4200 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചതുൾപ്പെടെ കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം.
ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച മുൻ ചീഫ് സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഗുരുതരമായ പല കണ്ടെത്തലുകളുമുണ്ടായിരുന്നു.
പലയിടങ്ങളിലും ഭൂമി വാങ്ങിക്കൂട്ടിയെന്നും പ്രത്യേകിച്ച് കണ്ണൂരിലാണ് കൂടുതലായി വാങ്ങിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്വാറിയിങ്ങിനായി ഉപയോഗിച്ചിരുന്ന ഭൂമി 12,000 കോടി രൂപ ചെലവഴിച്ച് വാങ്ങാനുള്ള തീരുമാനത്തിലെ ക്രമക്കേടാണ് പ്രധാനമായും വിജിലന്‍സ് വിശദമായി അന്വേഷിക്കുക. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്കിയ നടപടിക്രമങ്ങളിലെ വീഴ്ചയും അന്വേഷിക്കും.
നിലവിൽ ഭൂമിയിടപാട് അന്വേഷിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചതെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ട നിയമനങ്ങളും ധൂർത്തും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
വികസന സാധ്യതയുള്ള വിഴിഞ്ഞത്തോ, കൊച്ചിയിലോ കോഴിക്കോടോ ഭൂമി എടുക്കാതെ കണ്ണൂരിൽ ഇത്രയും ഭൂമി ഏറ്റെടുത്തത് എന്തിനെന്നതാണ് സർക്കാറിനെ സംശയത്തിലാക്കുന്നത്. ആരെയൊക്കെയോ സഹായിക്കാനാണ് ഈ നീക്കമെന്നാണ് സർക്കാറിന്റെ സംശയം.
കണ്ണൂരിൽ ആയിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ട് അത് 5200 ഏക്കര്‍ ആക്കിയതും അതിൽ പന്തീരായിരം കോടിക്ക് നാലായിരം ഏക്കര്‍ ഭൂമി വാങ്ങിയതും സംശയം ബലപ്പെടുത്തുന്നു.
സഭയിൽ വാക്പോരും ഇറങ്ങിപ്പോക്കും
തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോരും പ്രതിപക്ഷ വാക്കൗട്ടും. കിഫ്ബിയെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ എം.എൽ.എമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ എന്നിവർ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
കിഫ്ബിയെ ഇല്ലാതാക്കാനാകില്ലെന്നും ഈ സംവിധാനത്തിലൂടെ നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും പ്രതിപക്ഷം അവകാശപ്പെട്ടു. എന്നാൽ, കിഫ്ബി കേരളത്തിന്റെ ഖജനാവ് തകര്‍ത്തെന്നും ചക്രവർത്തിയായി തുടരാൻ ഈ സംവിധാനത്തെ അനുവദിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ പലപ്പോഴും പ്രതിപക്ഷം ബഹളം വെച്ചതും അതിനെ ചോദ്യം ചെയ്ത് ഭരണപക്ഷാംഗങ്ങൾ രംഗത്തെത്തിയതും പലപ്പോഴും ബഹളത്തിന് കാരണമായി.
കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിലച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 31,261 കോടിയുടെ പ്രവൃത്തികൾ തുടരാൻ ഈ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, കിഫ്ബി വഴി സംസ്ഥാനത്തിന് ബാധ്യതയാണുണ്ടായത്.
സർക്കാറുമായി യാതൊരു ബന്ധവുമില്ലാതെ സ്വതന്ത്രമായാണ് കിഫ്ബി പ്രവർത്തിച്ചുവന്നത്. ഇനി അത് അനുവദിക്കില്ല. ധനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായി മാത്രമേ കിഫ്ബിയെ തുടരാൻ അനുവദിക്കൂ. കിഫ്ബി സംബന്ധിച്ച വിദഗ്ധസമിതി റിപ്പോർട്ട് കോർപറേറ്റ് വത്കരണ അജണ്ടയാണെന്ന പ്രചാരണം ശരിയല്ല -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബിയെ തകർത്ത് കേന്ദ്രസർക്കാർ മാതൃകയിൽ കോര്‍പറേറ്റ് വത്കരണ അജണ്ട നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചു. കിഫ്ബിയെ വരുമാനമാർഗം മാത്രമായി കാണരുത്. സംസ്ഥാനത്തെ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയുടെ നിർമാണമെല്ലാം ഈ പദ്ധതിയുടെ ഭാഗമായാണ്. കേരള വികസനത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണ് സുധാപിള്ള കമ്മിറ്റി റിപ്പോർട്ടെന്നും അദ്ദേഹം ആരോപിച്ചു.
ജനകീയ വികസന മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് കിഫ്ബി. കോര്‍പറേറ്റ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തോ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കിഫ്ബിയെ തകർത്ത ചതിയൻചന്തു യു.ഡി.എഫ് ആണെന്ന് അടിയന്തരപ്രമേയം കൊണ്ടുവന്ന കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. ഭസ്മാസുരന് വരം കിട്ടിയ പോലെയുള്ള കാര്യങ്ങളാണ് ഈ സർക്കാർ ചെയ്യുന്നത്.
അതുപോലെ കിഫ്ബിയെ തകർക്കരുത്. ജയിലർ സിനിമയിൽ കാണിക്കുന്ന റോഡുകൾ നമ്മുടേതാണ്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും പ്രതിപക്ഷം ഇറങ്ങിപ്പോകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.