ലഹരിപ്പാർട്ടിയിൽ അത്ഭുതമില്ല, ടി.പി വധക്കേസ് പ്രതികൾ സർക്കാർ സംരക്ഷണയിൽ -കെ.കെ. രമ

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് എന്നും സർക്കാർ സംരക്ഷണം ലഭിക്കുന്നതായി കെ.കെ. രമ എം.എൽ.എ. ടി.പി കേസ് പ്രതി കിർമാണി മനോജ് വയനാട്ടിൽ റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തി പിടിയിലായ സംഭവത്തിൽ ഒട്ടും അത്ഭുതമില്ലെന്നും രമ പറഞ്ഞു.

'എനിക്കിതിൽ ഒരത്ഭുതവുമില്ല. കാരണം ടി.പി കേസിലെ പ്രതികൾ മുഴുവൻ ഭരണത്തിന്‍റെയും സി.പി.എമ്മിന്‍റെയും വലിയ സംരക്ഷണയിലാണ് ഇപ്പോൾ ജീവിക്കുന്നത്. കേസിലെ പ്രതികൾക്ക് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച എത്ര വാർത്തകൾ പുറത്തുവന്നു. അവർ ജയിലിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ചും ക്വട്ടേഷനുകളെ കുറിച്ചും സ്വർണക്കടത്തിനെ കുറിച്ചും എത്ര വാർത്തകൾ പുറത്തുവന്നു.

കിർമാണി മനോജ് റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തുന്നതിനെ കുറിച്ച് ഇന്‍റലിജൻസിന് യാതൊരു വിവരവുമില്ലേ. കോവിഡിന്‍റെ ആനുകൂല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രതികളാണ് ടി.പി കേസിലെ പ്രതികൾ. അവർ ഇപ്പോൾ രണ്ട് വർഷത്തോളമായി പുറത്താണ്. നാട്ടിൽ നേരിട്ടറിയാവുന്ന ഒരു പ്രതി രണ്ട് വർഷത്തോളമായി പുറത്തുണ്ട്. സി.പി.എമ്മിന്‍റെ പാലിയേറ്റീവ് പ്രവർത്തനമാണ് നടത്തുന്നത് നാട്ടിൽ. പ്രതികളെ കോവിഡ് ഇളവ് കഴിഞ്ഞിട്ടും ജയിലിലേക്ക് അയക്കാനുള്ള നടപടിയുണ്ടാകുന്നില്ല. ക്വട്ടേഷനുകളും മാഫിയ പ്രവർത്തനങ്ങളും നടത്താനുള്ള സൗകര്യമാണ് സി.പി.എമ്മും സർക്കാറും ചെയ്തുകൊടുക്കുന്നത്' -കെ.കെ. രമ പറഞ്ഞു.

വയനാട്ടിലെ റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയതിനാണ് ടി.പി വധക്കേസ് പ്രതി കിർമാണി മനോജടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പടിഞ്ഞാറത്തറയിലെ സിൽവർ വുഡ്സ് റിസോർട്ടിലായിരുന്നു പാർട്ടി. ഇവരില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും വിദേശമദ്യവും പൊലീസ് കണ്ടെടുത്തു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഗോവയിലെ ഗുണ്ടാ നേതാവായ കമ്പളക്കാട് മുഹ്സിന്‍റെ വിവാഹ വാര്‍ഷിക ആഘോഷത്തിനായാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. 

Tags:    
News Summary - KK rema about arrest of tp case convicted kirmani manoj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.