വെറ്ററിനറി കോളജിൽ നടന്നത് മന:സാക്ഷി മരവിക്കുന്ന ക്രൂരത; എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് കെ.കെ. രമ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജിൽ അരങ്ങേറിയത് മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണെന്ന് എം.എൽ.എ കെ.കെ. രമ. സിദ്ധാർഥ് മാത്രമല്ല, എസ്.എഫ്.ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ് മരിച്ചുപോയതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇഷ്ടക്കാരെ പി.എസ്‌.സി ലിസ്റ്റിലും യൂനിവേഴ്സിറ്റി നിയമനങ്ങളിലും തിരുകിക്കയറ്റുന്നതു മുതൽ നാം കാണുന്ന അപചയമാണിത്. ഒരു കാര്യവുമില്ലാതെ ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിച്ചും അവഹേളിച്ചും ഭയപ്പെടുത്തിയും മരണത്തിലേക്ക് തള്ളി വിടുന്ന ക്രൂരതയെ വിനോദമായി ആഘോഷിക്കാവുന്ന മനോനിലയിലേക്ക് പോലും സ്വന്തം പ്രവർത്തകർ എത്തിച്ചേർന്നത് എങ്ങനെയാണെന്ന് ആ സംഘടന ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂരമർദനത്തിന് സിദ്ധാർഥ് ഇരയായിരുന്നു.

ഫേസ്ബുക്കിന്‍റെ പൂർണ രൂപം;

മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണ് വയനാട് പൂക്കോട് വെറ്റിനറി കോളജിൽ കഴിഞ്ഞദിവസം അരങ്ങേറിയത്.

ഞങ്ങളെ പോലുള്ളവരുടെ പൊതുജീവിതത്തിൽ ഇപ്പോഴും ഏറ്റവും നിറമുള്ള ഓർമ്മകൾ സൂക്ഷിക്കുന്ന ഗൃഹാതുര കാലം കൂടിയാണ് എസ്എഫ്ഐക്കാലം. സമരങ്ങളും പോലീസിന്റെ ക്രൂരമർദ്ദനവും ആശുപത്രിവാസവും ജയിൽവാസവും എല്ലാം ഉള്ളടങ്ങുന്ന ആ കാലം സാഹസികതകളെന്ന പോലെ സർഗാത്മകമായ സൗഹൃദങ്ങളുടെ കാലം കൂടിയായിരുന്നു.

ഒരു മനുഷ്യന് ആദർശങ്ങളിലും സ്വപ്നങ്ങളിലും ഏറ്റവും തീവ്രമായ നിലപാടുമായി നിൽക്കാൻ സാധിക്കുന്ന കാലമാണ് വിദ്യാർത്ഥി കാലം.

റാഗിംഗ് എന്ന ക്രൂര വിനോദത്തെ, ആ വിനോദത്തെ സാധാരണമെന്ന് കാണുന്ന ന്യായങ്ങൾക്ക് പുറകെ വലതുപക്ഷ ഫ്യൂഡൽ രാഷ്ട്രീയത്തെ തുറന്നുകാട്ടിയും സംഘടിതമായി എതിർത്തും തന്നെയാണ് വിദ്യാർത്ഥികൾ അവസാനിപ്പിച്ചത്. എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾക്ക് ക്യാമ്പസുകളിൽ വളർന്നുവന്ന റാഗിംഗ് വിരുദ്ധ മനോഭാവത്തിൽ ചെറിയ പങ്കല്ല ഉള്ളത്.

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ സിദ്ധാർത്ഥ് മാത്രമല്ല മരിച്ചുപോയത്, എസ്എഫ്ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന ഈ മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ്.

ഇഷ്ടക്കാരെ പി.എസ്‌.സി ലിസ്റ്റിലും യൂണിവേഴ്സിറ്റിയിലെ നിയമനങ്ങളിലും തിരുകിക്കയറ്റുന്നതു മുതൽ നാം കാണുന്ന അപചയമാണിത്.

ഇങ്ങേയറ്റത്ത് ഒരു കാര്യവുമില്ലാതെ ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിച്ചും അവഹേളിച്ചും ഭയപ്പെടുത്തിയും മരണത്തിലേക്ക് തള്ളി വിടുന്ന ക്രൂരതയെ വിനോദമായി ആഘോഷിക്കാവുന്ന മനോനിലയിലേക്ക് പോലും സ്വന്തം പ്രവർത്തകർ എത്തിച്ചേർന്നത് എങ്ങനെയാണ് ആ സംഘടന ആത്മപരിശോധന നടത്തേണ്ടതുണ്ട്.

സിപിഎം എന്ന പ്രസ്ഥാനത്തിൻറെ അപചയങ്ങളിലും വഴിവിട്ട പോക്കിലും ഏറ്റവും വേദനിപ്പിക്കുന്ന തകർച്ച എസ്എഫ്ഐയെ ബാധിച്ച ഈ മൂല്യരാഹിത്യം തന്നെയാണ്.

ഞങ്ങളുടെ കയ്യിൽ എതിരാളികളുടെ രക്തം പുരണ്ടിട്ടില്ല എന്നായിരുന്നു എസ്എഫ്ഐ പ്രവർത്തനകാലത്ത് ഞങ്ങളൊക്കെ സാഭിമാനം വിളിച്ചു പറഞ്ഞിരുന്നത് . നിങ്ങളുടെ എതിരാളി പോലുമല്ലാത്ത ഒരു പാവം വിദ്യാർത്ഥിയുടെ ജീവനും ജീവിതവും ഒരു കുടുംബത്തിൻറെ പ്രതീക്ഷയും ആകെ തകർത്തിട്ട് നിങ്ങൾ എന്താണ് നേടിയത്?

ഈ ക്രൂരകൃത്യത്തിന് പിറകിലെ സകലരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും ഈ നാടിൻ്റെ ആവശ്യമാണ്.

കെ.കെ. രമ

Full View
Tags:    
News Summary - KK Rama severely criticized SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.