ഡോ.ടി.എം. തോമസ് ഐസക്ക്. ഡോ. കെ.പി. കണ്ണൻ, ഡോ. കെ.ടി റാം മോഹൻ
കോഴിക്കോട്: മുൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ കിഫ്ബി സ്വപ്നങ്ങളുടെ അടിത്തറ ഇളകുന്നോ?. കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സാമ്പത്തിക വിദഗ്ധരായ ഡോ. കെ.പി. കണ്ണൻ, ഡോ.കെ.ടി. റാംമോഹൻ, ഡോ. ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു.
വിമർശനങ്ങൾക്കുള്ള മറുപടിയായി കിഫ്ബി വഴി ഏറ്റെടുത്തിട്ടുള്ള ഏതു പദ്ധതിയാണ് അനാവശ്യവും മാറ്റിവെക്കാവുന്നതുമെന്നാണ് ഐസക്ക് ചോദിച്ചത്. കൂടുതൽ റോഡുകളും പാലങ്ങളും മറ്റും വേണമെന്നാണ് ഓരോ പ്രദേശത്തെയും ജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. സാധാരണ ബജറ്റ് വഴിയാണ് ഇതിനു പണം കണ്ടെത്തുന്നതെങ്കിൽ 25 വർഷംകൊണ്ടേ ഇവ പണിതു തീർക്കാനാവൂ.
കടം എടുത്തിട്ടാണെങ്കിലും ഇന്നു അവ പണിതാൽ നിർമാണച്ചെലവ് അത്രയും കുറയും. അതിന്റെ ഗുണം ഇന്ന് ജീവിച്ചിരിക്കുന്നവർക്കു കിട്ടും. മോക്ഷം പരലോകത്തുപോരാ, ഇഹലോകത്തു തന്നെ വേണം എന്നായിരുന്നു ഐസക്കിന്റെ ലളിതമായ മറുപടി.
കിഫ്ബിയുമായി ബന്ധപ്പെട്ട് ഡോ. കെ.പി. കണ്ണനെപ്പോലുള്ളവർ പരത്തുന്ന കടക്കെണി പരിഭ്രാന്തി അസംബന്ധമാണെന്നു ഐസക്ക് തുറന്നടിച്ചു. സർക്കാരിന്റെ ബാധ്യത നിയമത്തിൽ വ്യവസ്ഥ ചെയ്തപോലെ ഓരോ വർഷവും നൽകേണ്ടുന്ന മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും മാത്രമാണ്. ആ വരുമാനത്തിനുള്ളിൽ തിരിച്ചടവ് ഒതുങ്ങന്ന അത്രയും പ്രോജക്ടുകളേ കിഫ്ബി ഏറ്റെടുക്കൂവെന്നാണ് ഐസക്ക് പറഞ്ഞത്.
ഇത്തരത്തിൽ ആസ്തിയും ബാധ്യതയും മാച്ച് ചെയ്യുന്നതിന് വളരെ കാര്യക്ഷമമായ സോഫ്ടുവെയറുണ്ട്. അതു നോക്കിയിട്ടാണ് ഡയറക്ടർ ബോർഡ് കൂടുതൽ പ്രോജക്ടുകൾക്ക് അനുവാദം നൽകുന്നത്. ഇപ്പോൾ 62,000 കോടി രൂപയുടെ പ്രോജക്ടുകൾ അനുവദിച്ചു. എന്നിട്ടും ഭാവി ബാധ്യതകൾ ഭാവി വരുമാനത്തേക്കാൾ വളരെ താന്നിരുന്നു.
ഐസക്ക് എഴുതിയതിന്റെ മഷി ഉണങ്ങുന്നതിന് മുമ്പ് കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം തുടങ്ങി. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുമെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. വിഷയം ഉടൻ മന്ത്രിസഭയുടെ പരിഗണനയിൽ വരും.
കിഫ്ബിക്കെതിരെ നോരത്തെ നിരവധി പ്രധാന ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. കേരളത്തിൻറെ വികസനത്തിന് തടസം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണോ? അടിസ്ഥാന സൗകര്യമേഖലയിൽ വലിയ നിക്ഷേപം വന്നാൽ സാമ്പത്തിക വളർച്ചയുണ്ടാകുമോ? നിക്ഷേപം വഴി എന്ത് സാമ്പത്തിക വളർച്ചയാണ് വിഭാവനം ചെയ്യുന്നത്? കുത്തനെയുള്ള പലിശ നിരക്ക് കേരളത്തിന് താങ്ങാൻ കഴിയുമോ?
റവന്യൂ കമ്മിയുടെയും ധനക്കമ്മിയുടെയും ഇരട്ട ഭൂതം വളരെക്കാലമായി വേട്ടയാടുകയല്ലേ? കേരളത്തിന്റെ വരവും ചെലവും തമ്മിലുള്ള നിരന്തരമായ പൊരുത്തക്കേട് നേരുടമ്പോൾ വലിയ പലിശ ഭാരം കേരളം എങ്ങനെ താങ്ങും? ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നത് വികസന വിരുദ്ധന്മാരാണെന്ന് ഐസക്ക് പറഞ്ഞു. സർക്കാരിന്റെ പുതിയ നീക്കം ഐസക്കിന്റെ കിഫ്ബി സ്വപ്നങ്ങളുടെ അടിത്തറ ഇളക്കുകയാണോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.