അബ്ദുന്നാസിര്‍ മഅ്ദനി
കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം എറണാകുളത്തെ വസതിയിൽ കഴിയുകയായിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഅ്ദനിക്ക് എക്കോ, ഇ.സി.ജി, എക്സറേ, ഡോപ്ളർ സ്കാനുകൾ തുടങ്ങി പരിശോധനകൾ നടത്തിയെന്ന് ബന്ധു മുഹമ്മദ് റജീബ് അറിയിച്ചു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേ നേഫ്രോളജിസ്റ്റ് ഡോ. പി.എച്ച്. മുഹമ്മദ് ഇഖ്ബാലിന്‍റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കി.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലും സന്ദർശക നിയന്ത്രണത്തിലും മുന്ന് മാസമായി കഴിഞ്ഞിരുന്ന മഅ്ദനിക്ക് രക്തസമ്മർദം കുറയുക, ഇടക്കിടക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക, ഡയബറ്റിക് ന്യൂറോപ്പതി മൂലം ദീർഘകാലമായി തുടരുന്ന ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകൾ തുടങ്ങിയ രോഗങ്ങൾ ശരീരത്തെ ബാധിക്കുന്നുണ്ട്. അതിനെ തുടർന്നാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു. ഭാര്യ സൂഫിയ മഅദനി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സലിം ബാബു എന്നിവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.