കോഴിക്കോട്: സ്വർണക്കടത്ത്, കുഴൽപണ മാഫിയകൾ തട്ടിക്കൊണ്ടുപോകുന്നവരെ മർദിക്കുന്നത് ക്രൂരമായി. ശരീരമാസകലം ബ്ലേഡുപയോഗിച്ച് മുറിവേൽപിക്കുക, ചോര കിനിയുന്ന മുറിവുകളിൽ മുളകുപൊടി വിതറുക, ഇരുമ്പ് പഴുപ്പിച്ച് പൊള്ളിക്കുക, കെട്ടിത്തൂക്കി മർദിക്കുക, കൈകൾ പിന്നോട്ട് കൂട്ടിക്കെട്ടി വെള്ളത്തിൽ മുക്കുക, കസേരയിൽ കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് ദേഹമാസകലം പൊള്ളിക്കുക, നഖങ്ങളിൽ മൊട്ടുസൂചി കുത്തിക്കയറ്റുക, ഷോക്കടിപ്പിക്കുക, കൈ കാലുകൾ തല്ലിയൊടിക്കുക തുടങ്ങിയ പ്രാകൃതവും മനുഷ്യത്വരഹിതവുമായ മർദന മുറകളാണ് ഇവർ ചെയ്യുന്നതെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. ചോരപൊട്ടിയൊലിച്ചാൽ പോലും വിട്ടയക്കുകയോ മരുന്നെത്തിച്ചു തരുകയോ ചെയ്യില്ല. രക്ഷപ്പെടാതിരിക്കാൻ രാസവസ്തുക്കളുപയോഗിച്ച് ബോധം കെടുത്തിയിടുകയും ചെയ്യും.

സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദ് കൊല്ലപ്പെട്ടതോടെയാണ് ഇത്തരം ക്വട്ടേഷൻ സംഘങ്ങളുടെ ക്രൂരത ചർച്ചയാവുന്നത്.

ആലപ്പുഴയിലെ ജ്വല്ലറി കവർച്ച അന്വേഷിക്കുന്ന പൊലീസാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ പത്തംഗസംഘം 2015 ഫെബ്രുവരിയിലാണ് ഓമശ്ശേരി സ്വദേശിയെ പുത്തൂരിലെ സഹോദരിയുടെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോയത്. കൈകൾ ബന്ധിച്ച സംഘം കണ്ണ് കറുത്ത തുണി ഉപയോഗിച്ച് മറക്കുകയും വായിൽ തുണിതിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് കൊടുവള്ളിയിൽ പൂനൂർ പുഴയോരത്തെത്തിച്ച് കൈകൾ മരത്തിൽ കെട്ടി വിവസ്ത്രനാക്കി മർദിച്ചു. തുടർന്ന് ഇഞ്ചക്ഷൻ വെച്ച് മയക്കി. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചു. പിന്നീട് പാറോപ്പടിയിലെയും കുന്ദമംഗലത്തെയും വീടുകളിലെത്തിച്ച് പട്ടിണിക്കിട്ട് ദിവസങ്ങളോളം മർദിച്ചു. ഒടുക്കം മഞ്ചേരിയിലെ ഒരു ക്വാർട്ടേഴ്സിൽ പൂട്ടിയിട്ടു. മരിക്കുമെന്ന അവസ്ഥ വന്നതോടെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് ഇദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഏറെക്കാലത്തെ ആശുപത്രിവാസത്തിനുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും വൃക്കകളടക്കം തകരാറിലുമാണ്.

കർണാടകയിൽവെച്ച് ഒന്നരക്കോടിയുടെ കുഴൽപണം കവർന്നെന്നാരോപിച്ച് 2016 ആഗസ്റ്റിലാണ് ലോറി ജീവനക്കാരനായിരുന്ന താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയെ രണ്ടു കാറുകളിലെത്തിയ സംഘം മൈക്കാവ് ഭാഗത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കർണാടക ശ്രീമംഗലത്തെ റിസോർട്ടിലെത്തിച്ച യുവാവിനെ തലകീഴടായി കെട്ടിത്തൂക്കി കാൽവെള്ളയിൽ അടിച്ച് മുറിവേൽപിച്ചശേഷം മുളകുപൊടി വിതറുകയും ദേഹമാസകലം ബ്ലേഡ് ഉപയോഗിച്ച് വരയുകയും ചെയ്തു. ഒടുവിൽ ആളുമാറിപ്പോയെന്ന് വ്യക്തമായ സംഘം പൊലീസിൽ പരാതി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി വിട്ടയച്ചു. ഗുരുതര പരിക്കുകൾ കാരണം നടക്കാൻ പോലും കഴിയാതിരുന്ന ഇദ്ദേഹം മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് ആരോഗ്യം വീണ്ടെടുത്തത്.

2011 ജൂലൈയിൽ കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘം ക്രൂരമായാണ് മർദിച്ചത്. ആക്രമണത്തിനിടെ കൈ, കാലുകൾ ഒടിഞ്ഞ ഇദ്ദേഹത്തെ മാവൂർ പൊലീസ് പരിധിയിൽ റോഡരികിൽ തള്ളിയാണ് സംഘം കടന്നത്. 2011 ആഗസ്റ്റിൽ തട്ടിക്കൊണ്ടുപോയ മുത്താമ്പി സ്വദേശിയെയും മർദിച്ചവശനാക്കിയിരുന്നു.

Tags:    
News Summary - Kidnapping: Gold smuggling, money laundering The brutality of the gangs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.