തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടിത്തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ രാത്രി എട്ടോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ മണവാട്ടി ജങ്ഷന് അടുത്താണ് ക്രൂരസംഭവം അരങ്ങേറിയത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് തന്‍റെ നിർത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസ്സുകാരനെ ക്രൂരമായി മർദിച്ചത്. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൻ ഗണേഷിനാണ് മർദനമേറ്റത്.
റോഡരികിൽ നിർത്തിയിട്ട് സമീപത്തെ ടെക്സ്റ്റൈൽസിൽ പോയി വന്നപ്പോൾ കാറിൽ ചാരി നിൽക്കുന്ന കുട്ടിയെ ആണ് യുവാവ് കണ്ടത്. ഇതോടെ ഇയാൾ ശക്തമായി കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും റോഡിലൂടെ യാത്ര ചെയ്തവരും എത്തി ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, ചെയ്തത് ന്യായീകരിക്കുകയും കാറില്‍ കയറുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും കാറിലേക്ക് കയറിയെങ്കിലും അവരും ഒന്നും മിണ്ടുകയോ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.
പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തിട്ടും കേസെടുക്കാൻ തയാറായില്ല. ഇയാളെ സ്റ്റേഷനിൽനിന്ന് പറഞ്ഞുവിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ ഇന്ന് രാവിലെയാണ് പൊലീസ് യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.