തിരുവനന്തപുരം :സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 750 കോടി രൂപ കടപ്പത്രത്തിലൂടെ സമാഹരിച്ചു. രണ്ട് ഘട്ടങ്ങളിലായി കുറഞ്ഞത് യഥാക്രമം 250 കോടി രൂപയും 273 കോടി രൂപയും സമാഹരിക്കാനാണുദ്ദേശിച്ചിരുന്നത്. ബാക്കി തുക ഗ്രീൻ ഷൂ ഓപ്ഷൻ ആയിരുന്നു.
കടപ്പത്രത്തിന് 10 വർഷത്തെ കാലാവധിയുണ്ട്. 8.90 ശതമാനം കൂപ്പൺ നിരക്കിൽ ബി.എസ്.ഇയുടെ ഇലക്ട്രോണിക് ബുക്ക് പ്ലാറ്റ്ഫോമായ ബി.എസ്.ഇ ബോണ്ടിലൂടെ (ഇ.ബി.പി) ആദ്യ ഗഡുവായ 476.50 കോടി രൂപ സമാഹരിച്ചപ്പോൾ രണ്ടാം ഗഡുവായ 273.50 കോടി രൂപ 8.93 ശതമാനം കൂപ്പൺ നിരക്കിൽ സമാഹരിച്ചു.
സംസ്ഥാനത്തുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളേക്കാളും ബാങ്കുകളേക്കാളും മികച്ച നിരക്കിൽ ഫണ്ട് സ്വരൂപിക്കാൻ കെ.എഫ്.സി.ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ആർ.ബി.ഐ- സെഫി അംഗീകൃത റേറ്റിംഗ് ഏജൻസികൾ നൽകുന്ന എ എ ക്രെഡിറ്റ് റേറ്റിങ് ഉള്ള സംസ്ഥാനത്തെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ.എഫ്.സി.
കടപ്പത്രങ്ങൾ വഴി ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത് കെ.എഫ്.സി.യുടെ സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നതെന്ന് കെ.എഫ്.സി. സി.എം.ഡി സഞ്ജയ് കൗൾ അഭിപ്രായപ്പെട്ടു. കേരള സർക്കാർ സമീപ കാലത്ത് 200 കോടി രൂപ മൂലധനം നൽകി കോർപ്പറേഷന്റെ ആസ്തി ഏകദേശം 900 കോടി രൂപയായി ഉയർത്തിയിരുന്നു.
കെ.എ.ഫ്സി. 2011 മുതൽ ബോണ്ട് വിപണിയിൽ നിന്ന് ഇതുവരെ 2626.50 കോടി രൂപ സമാഹരിക്കുകയും, അതിൽ 772.30 കോടി രൂപ ഇതുവരെ തിരികെ നൽകുകയും ചെയ്തു. 2016 മുതൽ, കെ.എഫ്.സി ബാലൻസ് ഷീറ്റിനെ അടിസ്ഥാനമാക്കി സർക്കാർ ഗ്യാരണ്ടി ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികൾക്ക് (സി.എം.ഇ.ഡി.പി) വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.