ജയ അരി വില 50ലേക്ക്; ഭക്ഷ്യവകുപ്പിന്‍െറ ഇടപെടല്‍ ദുര്‍ബലം 

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില പിടിച്ചുനിറുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ‘അരിക്കട’ പദ്ധതി തുടക്കത്തിലേ പാളുന്നു. എഫ്.സി.ഐ വഴി മതിയായ അരി ലഭിക്കാത്തതും വരള്‍ച്ച മൂലം അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അരിവരവ് കുറഞ്ഞതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ഇതോടെ സംസ്ഥാനത്ത് അരിവില വീണ്ടും ഉയര്‍ന്നു.
ഈമാസം 13നാണ് അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്  ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചത്. പൊതുവിപണിയെക്കാള്‍ 10 ശതമാനം വിലക്കുറവില്‍ മട്ട അരി കിലോക്ക് 24 രൂപക്കും ജയ അരി 25നും പച്ചരി 23രൂപക്കും വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, കട തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും മേല്‍പ്പറഞ്ഞ അരികളൊന്നും തൊട്ടുനോക്കാന്‍പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.

എഫ്.സി.ഐയുടെ ഓപണ്‍ മാര്‍ക്കറ്റ്സെയില്‍ സ്കീം പ്രകാരം 25 രൂപക്ക് സുരേഖ അരി വാങ്ങി വിതരണം ചെയ്യുന്നുണ്ടെങ്കിലും കരിഞ്ചന്തയില്‍ ഈ അരി 20 രൂപക്ക് സുലഭമായി കിട്ടുന്നതുമൂലം ആരും കടകളിലേക്ക് തിരിഞ്ഞുനോക്കുന്നില്ളെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍തന്നെ പറയുന്നു. ഓയില്‍ പാം ഇന്ത്യയുടെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ചമ്പാവ് അരിയും ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഈ അരിയും കിട്ടാനില്ല. മില്ലില്‍ ഉല്‍പാദിക്കുന്ന മുഴുവന്‍ അരിയും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിതരണത്തിനു മാത്രമേ തികയുന്നുള്ളൂ. ഇതിനു പുറമേ, മില്ലുകളില്‍നിന്ന് അരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നതും പദ്ധതി തകിടം മറിയാന്‍ കാരണമായതായി ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ ഭക്ഷ്യവകുപ്പിന്‍െറ ഇടപെടല്‍ ദുര്‍ബലമായതോടെ സംസ്ഥാനത്ത് അരിവില വീണ്ടും ഉയര്‍ന്നു. രണ്ടുദിവസം മുമ്പ് ചില്ലറ വിപണിയില്‍ 47 രൂപയായിരുന്ന ജയ അരിക്ക് 50 രൂപയോളമായി. 

ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തോത്, റേഷന്‍കാര്‍ഡ് ഉടമക്ക് നല്‍കിയ അരിയുടെ അളവ് എന്നിവ റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നതാണ് ചട്ടമെങ്കിലും 90 ശതമാനം റേഷന്‍വ്യാപാരികളും ഇതു പാലിക്കുന്നില്ളെന്ന് പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. റേഷന്‍ കടകളില്‍ പരിശോധന നടത്തേണ്ട ഡി.എസ്.ഒ മാര്‍തന്നെ കൈമടക്ക് വാങ്ങി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതോടെ  ജനങ്ങളുടെ കൈകളിലെത്തേണ്ട അരിയാണ് കരിഞ്ചന്തയിലേക്ക് പോകുന്നത്.  ഇത്തരത്തില്‍ തിരിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Kerala witnesses increase in prices of branded rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.