തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതെ വിദ്യാർഥികളെ തോൽപ്പിച്ചെന്ന പരാതിയിൽ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പരീക്ഷാ കൺട്രോളറോട് റിപ്പോർട്ട് തേടി. പരീക്ഷ എഴുതിയ വിദ്യാർഥികളുടെ പരീക്ഷഫലം തോറ്റെന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ തിരുത്താനും വി.സി നിർദേശം നൽകി.
പരീക്ഷ കൺട്രോളർ വ്യാഴാഴ്ച ഉച്ചയോടെ വി.സിക്ക് റിപ്പോർട്ട് സമർപ്പിക്കും. സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് പന്തളം എൻ.എസ്.എസ് കോളജ്, കൊല്ലം പേരയം എൻ.എസ്.എസ് കോളജ് തുടങ്ങിയ കേന്ദ്രങ്ങളിൽ ബി.എ മലയാളം പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്താതെ ഫലം പ്രസിദ്ധീകരിച്ചത്.
ജൂൺ 30നു ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികൾ കൂട്ടത്തോടെ തോറ്റത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതിയായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂല്യനിർണയം നടത്താത്ത വിവരം പുറത്തുവന്നത്. പരീക്ഷ കേന്ദ്രങ്ങളിലെത്തി സർവകലാശാല അധികൃതർ ഉത്തരപേപ്പറുകൾ ശേഖരിച്ചിട്ടില്ല. ഇവ അടിയന്തരമായി ശേഖരിച്ച് മൂല്യനിർണയത്തിനയക്കാൻ വി.സി നിർദേശിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും. ഉത്തരപേപ്പറുകൾ സർവകലാശാല അധികൃതർ പരീക്ഷ കേന്ദ്രങ്ങളിൽ എത്തി ശേഖരിക്കുന്ന രീതി മാറ്റുന്നത് പരിശോധിക്കും. പകരം പരീക്ഷ കഴിഞ്ഞ് നിശ്ചിത സമയത്തിനകം പരീക്ഷ കേന്ദ്രങ്ങളിൽനിന്ന് ഉത്തരക്കടലാസുകൾ സർവകലാശാലയിലേക്ക് തപാലിൽ അയക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും വി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.