തിരുവനന്തപുരം: യിൽ വി.സിയുടെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ് തിരികെ പ്രവേശിപ്പിച്ച രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് ഫയലുകൾ അയക്കേണ്ടതില്ലെന്ന് ജോയന്റ് രജിസ്ട്രാർമാർക്ക് വി.സിയുടെ നിർദേശം. സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന വി.സി രജിസ്ട്രാർ അയച്ച ഫയൽ തിരിച്ചയക്കുകയും ചെയ്തു.
പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ മിനി ഡിജോ കാപ്പന് രജിസ്ട്രാറുടെ താൽക്കാലിക ചുമതല നൽകി വി.സി ഉത്തരവിട്ടെങ്കിലും ഇത് സംബന്ധിച്ച ഓഫിസ് ഉത്തരവ് സർവകലാശാല ഭരണവിഭാഗം പുറത്തിറക്കിയിട്ടില്ല. അതിനാൽ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല ഏറ്റെടുക്കാനുമായിട്ടില്ല.
പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ വിദ്യാർഥിനിക്ക് ‘കേരള സർവകലാശാലയിൽ തുടർ പഠനത്തിന് ചേരുന്നതിനുള്ള ഡിഗ്രി അംഗീകാര സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ അക്കാദമിക് വിഭാഗത്തിൽനിന്ന് രജിസ്ട്രാർ വഴി വി.സിയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. എന്നാൽ, ഇത് വി.സി മടക്കി അയക്കുകയും രജിസ്ട്രാറെ ഒഴിവാക്കി ഫയൽ നേരിട്ടയക്കാൻ ജോയന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകുകയുമായിരുന്നു.
ഇതുപ്രകാരം അയച്ച ഫയലിൽ വി.സി സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി. അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് വി.സി അംഗീകരിക്കാത്തതും പകരം രജിസ്ട്രാറെ നിയമിച്ചുള്ള വി.സി ഉത്തരവ് ഉദ്യോഗസ്ഥർ പുറത്തിറക്കാത്തതും സർവകലാശാല ഭരണത്തിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.