നാടുവിടാൻ മത്തിയും അയലയും; സൂപ്പർ എൽ നിനോ മൂലം ഉപരിതല മത്സ്യങ്ങൾ തണുത്ത സമുദ്ര മേഖലകളിലേക്ക് ചേക്കേറുമെന്ന് പഠനം

കൊച്ചി: സൂപ്പർ എൽ നിനോ പ്രതിഭാസം കാരണം കടലിലെ ഉപരിതല മത്സ്യങ്ങൾ തണുപ്പുള്ള സമുദ്ര മേഖലകളിലേക്ക് ചേക്കേറുമെന്ന് പഠനം. കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്ന കനത്ത താപനില തുടങ്ങിയാൽ മത്തി, അയല, നെത്തോലി തുടങ്ങിയ ഉപരിതല മീനുകൾ തണുപ്പുതേടി ആഴക്കടലിലേക്കോ വടക്കൻ സമുദ്രമേഖലകളിലേക്കോ സഞ്ചരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

കുഫോസ് വൈസ് ചാൻസലർ ഡോ.എ. ബിജുകുമാർ, കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷ് എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് കാരണം ഉപരിതല മത്സ്യങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമാകുമെന്നും മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സൂചന. സൂപ്പർ എൽ നിനോ നവംബർ മുതൽ അടുത്ത ഫെബ്രുവരിവരെ ഗുരുതര ഘട്ടത്തിലേക്കുകടക്കുമെന്നാണ് വിലയിരുത്തുന്നത്. എൽ നിനോ കേരളത്തിൽ മത്തിയുടെ ലഭ്യത കുറച്ചേക്കാമെന്ന് കേന്ദ്ര സമുദ്ര ഫിഷറീസ് ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ.) മുമ്പ് വ്യക്തമാക്കിയിരുന്നു. അത് ഉറപ്പിക്കുന്ന തരത്തിലുള്ള നിർണായക പഠനമാണ് ഗവേഷകർ ചൂണ്ടിക്കാട്ടിയത്.

എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ചെറുമീൻ പിടുത്തം രൂക്ഷമായ അവസ്ഥയിൽ തന്നെയാണ് തുടരുന്നത്. മത്തി ഉൾപ്പെടെയുള്ള ചെറിയ പെലാജിക് മത്സ്യങ്ങളുടെ പ്രജനന പ്രക്രിയയെ ഇത് ഗുരുതരമായി ബാധിക്കുകയും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാണെന്നുമാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും വലിയ ബോട്ടുകാരും ഒരുപോലെ ചെറുമീൻ പിടുത്തത്തിൽ ഏർപ്പെടുന്നതിനാൽ മത്സ്യസമ്പത്ത് പൂർണമായി നശിക്കാനും തൊഴിലാളികളുടെ ഉപജീവനം മുടങ്ങാനും കാരണമാവും.

അതേസമയം, അടുത്തിടെ ബേപ്പൂരിൽ ബോട്ടിന്റെ അറയിൽ മീൻ മാറ്റുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജുവനൈൽ ഫിഷിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെട്ടിരുന്നു. ബോട്ടുകളിൽ ഐസ് ഇടാത്തതിനാൽ തീരത്ത് എത്തുമ്പോഴേക്കും ചെറുമീനുകൾ അഴുകി വിഷവാതകം ഉണ്ടായതാണ് അതിഥി തൊഴിലാളികളുടെ മരണത്തിനിടയാക്കിയത്. ഇത്തരം നൂറുകണക്കിന് ലോഡ് ചെറുമീനുകളാണ് കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും ഫിഷ് മീൽ ഫാക്ടറികളിലേക്ക് കടത്തുന്നത്.

ഓരോ മത്സ്യത്തിന്റെയും മിനിമം ലീഗൽ സൈസ് (പിടിക്കാൻ അനുവദിക്കുന്ന കുറഞ്ഞ വലിപ്പം) പുനഃപരിശോധിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ജാക്സൺ പൊയിൽ ആവശ്യപ്പെട്ടു. 2018ൽ ഫിഷറീസ് വകുപ്പ് 55 മത്സ്യ ഇനങ്ങൾക്ക് എം.എൽ.എസ് ഏർപ്പെടുത്തിയിരുന്നു.

പരമ്പരാഗത തൊഴിലാളികൾ പിടിക്കുന്ന മത്തിയുടെ വലിപ്പം ഇപ്പോൾ 10-11 സെന്റിമീറ്റർ മാത്രമാണ്. മത്തി 18 സെന്റിമീറ്റർ വരെ വളരുമെങ്കിലും നിലവിലെ എം.എൽ.എസ് 10 സെന്റിമീറ്ററാണ്. അതിനാൽ ശാസ്ത്രജ്ഞരുമായി ആലോചിച്ച് ഇത് 15 സെന്റിമീറ്ററായി ഉയർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഈ ആവശ്യം തികച്ചും ന്യായമാണെന്നും മീനുകൾക്ക് വളരാനും പ്രജനനം നടത്താനും വേണ്ടത്ര സമയം നൽകിയാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനവും സുസ്ഥിരമായ മത്സ്യബന്ധനവും ഉറപ്പാക്കാൻ കഴിയുമെന്നും സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ടി.എം. നജ്മുദ്ദീൻ വ്യക്തമാക്കി.

Tags:    
News Summary - Super El Niño Threat: Sardine, Mackerel, and Pelagic Fish to Migrate to Colder Ocean Depths, Study Warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.