സ്പോർട്സ് കൗൺസിലിലെ അഴിമതി: സർക്കാർ വിശദ പരിശോധനക്ക്
മലപ്പുറം: സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ വിശദമായ പരിശോധനക്ക് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗത്തിന് നിർദേശം നൽകിയതായി കായിക മന്ത്രി ഒ.ജെ. ജെനീഷ് അറിയിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് തുടർ നടപടിയെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആസ്ഥാനത്തും 14 ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസുകളിലും സെപ്റ്റംബർ 24ന് ‘ഓപറേഷൻ കളിക്കളം’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഒട്ടുമിക്ക ഓഫിസുകളിലും പ്രാഥമികമായി സൂക്ഷിക്കേണ്ട കാഷ് ബുക്ക്, പർച്ചേസ് രജിസ്റ്റർ, പ്രോപർട്ടി രജിസ്റ്റർ, ഡിസ്പോസ് രജിസ്റ്ററുകൾ എന്നിവ കൃത്യമായി പരിപാലിക്കുന്നില്ല. ചില ഓഫിസുകളിൽ കരാർ സംബന്ധമായ രേഖകളും ഫയലുകളും കാണാനില്ല. പല ജില്ലകളിലും ടെൻഡർ ചെയ്യാതെയാണ് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങിയത്. ഇവ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ കൃത്യമായി വിതരണം നടത്തുകയോ ചെയ്തില്ല.
ഒട്ടുമിക്ക ജില്ലകളിലും പ്രോജക്ടുകളുടെ കരാർ അനുവദിക്കുന്നതിലും സാധനങ്ങൾ വാങ്ങുന്നതിലും ടെൻഡർ നടപടികളോ ക്വട്ടേഷൻ നടപടിക്രമങ്ങളോ പാലിച്ചില്ല. വൗച്ചർ എഴുതി പണം അനുവദിച്ചതിൽ ഗുരുതരമായ ക്രമക്കേടുകളുണ്ട്. കൃത്യമായ ഇടവേളകളിൽ ചാമ്പ്യൻഷിപ്പുകൾ നടത്താതെയും ജനറൽ ബോഡികൾ ചേരാതെയും തെരഞ്ഞെടുപ്പുകൾ നടത്താതെയും അസോസിയേഷനുകൾ പലതും കടലാസ് സംഘടനകളായി നിലനിൽക്കുന്നതായും വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഇൻഡോർ സ്റ്റേഡിയങ്ങൾക്ക് വാടക ഈടാക്കുന്നത് കൃത്യമായ മാനദണ്ഡപ്രകാരമല്ല.
പഞ്ചായത്ത് യുവ ക്രീഡ ഓർ ഖേൽ അഭിയാൻ (പി.വൈ.കെ.കെ.എ) നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച തുക മിക്ക ജില്ല കൗൺസിലുകളും പൂർണമായി വിനിയോഗിച്ചില്ല. ചെലവഴിച്ച തുകയുമായി ബന്ധപ്പെട്ട കണക്കുകളിൽ ഭീമമായ ക്രമക്കേടുകളുണ്ട്. സംസ്ഥാന കൗൺസിലിന്റെ ഭാഗത്തുനിന്ന് ഇതിൽ മേൽനോട്ട വീഴ്ചയുണ്ട്. ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന താരങ്ങളുടെ രജിസ്ട്രേഷൻ ഫീസ് രസീത് നൽകി കൈപ്പറ്റാതെ ഉദ്യോഗസ്ഥർ യു.പി.ഐ ട്രാൻസാക്ഷൻ മുഖേന കൈപ്പറ്റി, ജില്ലതലത്തിൽ യോഗ്യത നേടാത്ത താരങ്ങളെ സംസ്ഥാന മീറ്റുകളിലേക്കയച്ചു തുടങ്ങി ഗുരുതരമായ ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ ഗൗരവം ഉൾക്കൊണ്ടാണ് സർക്കാർ നിർദേശപ്രകാരം ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം വിശദമായ പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.