അദ്ധ്യാപികയെ അപമാനിച്ച റഹീമിനെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കണം: ബി.ജെ.പി 

തിരുവനന്തപുരം: കേരള സർവകലാശാല സ്റ്റുഡൻറ് സർവീസ് ഡയറക്ടർ ഡോ.ടി. വിജയലക്ഷ്മിയെ  ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന് നേതൃത്വം നൽകിയ എ. എ. റഹീമിനെ സിൻ‌ഡിക്കേറ്റിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് വി.മുരളീധരൻ ആവശ്യപ്പെട്ടു. ‌

ഡ‌ോ.വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റഹിമിനെതിരെ കേസെടുത്ത്  നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സിൻഡിക്കേറ്റുപോലുള്ള സർവകലാശാല ഉന്നത സമിതികളിൽ ഗുണ്ടാസംസ്കാരം മാത്രമുള്ളവരെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ  ഇനിയെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം.  മൂന്നര മണിക്കൂറോളം ഒരു അദ്ധ്യാപികയെ തടഞ്ഞു വയ്ക്കുകയും വെള്ളം  കുടിക്കാൻ പോലും അനുവദിക്കാതെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവം കാടത്തമാണ്.  

സ്ത്രീകളോടുള്ള സി.പി. എമ്മിന്റെ സമീപനമാണ് ഇത് വെളിവാക്കുന്നത്.  യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് യൂണിയൻ പ്രവർത്തനത്തിനായ ആദ്യം വാങ്ങിയ 22.5 ലക്ഷം രൂപ ചെലവഴിച്ചതിന്റെ വൗച്ചർ നൽകിയാലേ രണ്ടാംഘട്ട പണം നൽകാവൂ എന്നാണ് ചട്ടമെന്നിരിക്കെ പെൺകുട്ടികളെക്കൊണ്ട്  വിജയലക്ഷ്മിയെ തടഞ്ഞുവച്ചും ശാരീരികമായി ഉപദ്രവിപ്പിച്ചും മാനസികമായി പീഡിപ്പിച്ചും നിർബന്ധിച്ച് ഒപ്പിടുവിച്ച് പണം വാങ്ങുകയായിരുന്നു ചെയ്തത്. 

വിജയല ക്ഷ്മിയെ  ഉപദ്രവിക്കുന്നത് തടയാൻ ചെന്ന  പൊലീസുകാരെപ്പോലും റഹിം ഓടിച്ചുവിടുകയാണ് ചെയ്തത്.   മനുഷ്യാവകാശവും സ്തീസംരക്ഷണവും പ്രസംഗിക്കുന്ന സി.പി.എമ്മിന്റേയും   എസ്.എഫ്.ഐയുടേയും യഥാർത്ഥ മുഖം ഇതോടെ ഒരിക്കൽ കൂടി പുറത്തുവന്നതായും വി. മുരളീധരൻ പറഞ്ഞു.

Tags:    
News Summary - kerala university row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.