തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. വി.സി നിയമനത്തിനുള്ള ഗവർണറുടെ സേർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. സി.പി.എം അംഗം ബാബുരാജാണ് പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല.
സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെയുള്ള ഗവർണറുടെ സേർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നാണ് സർവകലാശാലയുടെ നിലപാട്. നടപടികളിൽ നിന്നും ഗവർണർ പിന്മാറണമെന്നും സർവകലാശാല ആവശ്യപ്പെടുന്നു.യൂനിവേഴ്‌സിറ്റി പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ കേരള സർവകലാശാല വി.സിയെ നിയമിക്കാൻ സേർച്ച് കമ്മിറ്റി രൂപീകരിച്ചത്. വി.സി നിയമനത്തിന് സർക്കാർ ഓർഡിനൻസ് രൂപീകരിക്കാനിരിക്കെയായിരുന്നു ഗവർണറുടെ ഇടപെടൽ.
ഗവർണറുടെയും യു.ജിസിയുടേയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിൽ ഉള്ളത്. സർവകലാശാല നിയമപ്രകാരം സേർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. വി.സി യുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നത് കൊണ്ടാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്. സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് സർക്കാറും ഗവർണറും തമ്മിൽ പുതിയ പോർമുഖം തുറക്കുന്നതാണ് ഗവർണറുടെ നടപടിയെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.