കെ റെയില്‍ പദ്ധതിയിൽ സർക്കാർ നിലപാട് മാറ്റുന്നു; കേന്ദ്രാനുമതിക്കായി മാറ്റം വരുത്തുന്നത് പരിഗണനയിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തി മുന്നോട്ടുപോവുന്നത് ആലോചനയിലെന്ന് സി.പി.എം. മാറ്റം ഏതുരീതിയിൽ വേണമെന്ന് സർക്കാർ പ്രഖ്യാപിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

തിങ്കളാഴ്ചയും പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഗോവിന്ദൻ സമാനമായ നിലപാട് ആവർത്തിച്ചിരുന്നു. പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

പദ്ധതിക്ക് പണം തടസമായിരുന്നില്ല, കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയം. കേരളത്തിന്റെ അര നൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍ എന്നും എംവി ഗോവിന്ദൻ പറഞ്ഞു.  സ്റ്റാൻഡേർഡ് ഗേജിലാണ് ​സിൽവർ ലൈനി​ൻറെ ഡി.പി.ആർ കെ റെയിൽ തയ്യാറാക്കിയിരുന്നത്. എന്നാൽ, ​വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയിൽ ബ്രോഡ്ഗേജ് ആക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇത് അംഗീകരിച്ചാൽ, അതിവേഗ യാത്രക്കായി പ്രത്യേക പാതയെന്ന ലക്ഷ്യം സാധൂകരിക്കപ്പെടില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

എന്നാൽ, നിലവിൽ കേരളം ഈ നിലപാട് പുനഃപരിശോധിക്കുന്നുവെന്നാണ് എം.വി. ഗോവിന്ദനടക്കമുള്ളവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ റെയിൽവേക്ക് കെ റെയിലിന് ബദൽ പദ്ധതി സമർപ്പിച്ചിരുന്നു. ഇ ശ്രീധരനും പദ്ധതിയും സ്റ്റാർഡേർഡ് ഗേജിലായിരുന്നു പാത വിഭാവനം​ ​​ചെയ്തിരുന്നത്. മേൽപാലങ്ങളിലൂടെയും ടണലുകളിലൂടെയും സഞ്ചരിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എന്നതിന് പകരം തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെന്ന രീതിയിൽ പാതയെ ചുരുക്കിയായിരുന്നു ശ്രീധരന്റെ പദ്ധതി. ഇത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിന് ഇഷ്ടമായെന്നും ശ്രീധരൻ അന്ന് വ്യക്തമാക്കിയിരുന്നു

എന്നാൽ സ്റ്റാൻഡേർഡ് ഗേജ് എന്ന നിർദേശത്തിൽ കേന്ദ്രം വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ലെന്നാണ് വിവരം. ഇതോടെയാണ് സർക്കാർ കൂടുതൽ വിട്ടുവീഴ്ചക്കൊരുങ്ങുന്നതെന്നും വിവിധ​ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേന്ദ്ര നിർദേശത്തിന് വഴങ്ങിയാൽ മറ്റൊരു റെയിൽ പാതയെന്നതിനപ്പുറം പ്രഖ്യാപിച്ച ഗുണങ്ങളുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടി വരുമെന്നത് വീണ്ടും വെല്ലുവിളിയാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

Tags:    
News Summary - Kerala thinking about changing plans for k rail says mv govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.