കൊച്ചി: ജപ്തി വിരുദ്ധ ബില്ല് ജനശ്രദ്ധ നേടുന്നതിനിടെ നേരിട്ട് ജപ്തി ചെയ്യാൻ സഹകരണ ബാങ്കുകൾക്ക് വഴിയൊരുക്കി മാസങ്ങൾക്ക് മുമ്പ് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയും ചർച്ചയാവുന്നു. കോടതി അനുമതി പോലുമില്ലാതെ കുടിശ്ശികക്കാരുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ അനുമതി നൽകുന്ന സഹകരണ നിയമത്തിലെ 36 (എ) നിയമം സർക്കാറിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുവെന്നാണ് വിമർശനം. സഹകരണ സംഘങ്ങൾക്ക് നേരിട്ട് ജപ്തി ചെയ്യാനുള്ള നിയമ ഭേദഗതിക്ക് കോടതി അംഗീകാരം ലഭ്യമായതിനു തൊട്ടുപിന്നാലെയാണ് ജപ്തി വിരുദ്ധ കരട് ബിൽ നിയമസഭ പാസാക്കിയത്.
2024 ജൂൺ ഏഴിന് 56 വ്യവസ്ഥകൾ പുതിയതായി ഉൾപ്പെടുത്തി കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതിയിലൂടെ കൈവന്ന അധികാരം പ്രാഥമിക സഹകരണ ബാങ്കുകൾ ഇതുവരെ നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ജപ്തി നടപ്പാക്കുന്ന സെയിൽ ഓഫിസർമാരെ നിയമിക്കുന്നതിലടക്കം തീർപ്പുണ്ടാകാത്തതായിരുന്നു കാരണം. എന്നാൽ ഇക്കാര്യത്തിൽ ഹൈകോടതി പച്ചക്കൊടി കാട്ടുകയും നിർദേശം സർക്കാർ പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നതിലെ തടസ്സം ഇല്ലാതായി.
വായ്പ തിരികെ ലഭിക്കാത്തതിനാൽ നിക്ഷേപത്തുക തിരികെ നൽകാനാവാതെ ബാങ്കുകൾ പ്രതിസന്ധിയിലായതോടെയാണ് ജപ്തി നടപടികൾ വൈകുന്ന രീതി ഒഴിവാക്കാൻ നേരിട്ട് ജപ്തിക്ക് അനുമതി നൽകുന്ന നിയമം സർക്കാർ കൊണ്ടു വന്നത്.
നിലവിൽ വായ്പ തിരിച്ചടക്കാത്തവരുടെ സ്വത്ത് ജപ്തി ചെയ്യാൻ സഹകരണ സംഘങ്ങൾക്ക് കോടതിയുടെയോ ബന്ധപ്പെട്ട നിയമ സ്ഥാപനത്തിന്റെയോ അനുമതി ആവശ്യമാണ്. കുടിശ്ശികക്കാരന് നോട്ടീസ്, തിരിച്ചടവ് സംബന്ധിച്ച് സന്ധി സംഭാഷണം, ആർബിട്രേഷൻ നടപടികൾ, ഉത്തരവ് നടപ്പാക്കാൻ സിവിൽ കോടതിയുടെയടക്കം അനുമതിയും ഇത്രയും കാലം പാലിക്കേണ്ടിയിരുന്നു. എന്നാൽ, ഇതൊന്നും ആവശ്യമില്ലാതെ നേരിട്ട് ജപ്തി നടപടികൾ സ്വീകരിക്കാമെന്നതാണ് നിലവിലെ സ്ഥിതി.
1968 ലെ നിയമം ഭേദഗതി ചെയ്താണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഈ നിയമം അനുസരിച്ച് 25000 രൂപ വരെ തഹസിൽദാർ, ഒരു ലക്ഷം രൂപ വരെ ജില്ലാ കലക്ടർ, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ മുഖ്യമന്ത്രി, ഇരുപത് ലക്ഷത്തിന് മുകളിൽ കേരള സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്ക് ജപ്തി നടപടികൾ തടയുവാനും ഗഡുക്കൾ നൽകി സാവകാശം അനുവദിച്ചു നൽകാനും ജപ്തി നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും. എന്നാൽ, പുതിയ നിയമ ഭേദഗതിയിലൂടെ മറ്റ് സ്വത്തുക്കൾ ജപ്തി ചെയ്യാൻ സഹകരണ ബാങ്കുകൾക്ക് ലഭിച്ചിട്ടുള്ള അധികാരത്തിന് തടയിടാൻ ഈ നിയമത്തിനുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.