പാലരുവിയിൽ ബ്രേക്ഫാസ്റ്റ്, ഉച്ചക്ക് കഴിക്കാൻ അച്ചൻകോവിൽ...; ഭക്ഷണശാലയിലും കൊല്ലപ്പെരുമ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയായ രുചിയിടത്തിന് കൊല്ലപ്പകിട്ടേറെയാണ്. കൊല്ലം ജില്ലയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പേരുകളിലാണ് ഫുഡ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. അച്ചൻകോവിൽ, അഴീക്കൽ, അഷ്ടമുടി, കുണ്ടറ, ജഡായുപ്പാറ, റോസ് മല, തങ്കശ്ശേരി, തെന്മല, പാലരുവി, നീണ്ടകര, പരവൂർ, മൺറോ തുരുത്ത്, ശാസ്താംകോട്ട, ശെന്തുരുണി, സാമ്പ്രാണിക്കൊടി എന്നിങ്ങനെ 15 സ്റ്റാളുകളാണ് രുചിയിടത്തിലുള്ളത്.

കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് കലോത്സവത്തിനെത്തുന്നവർക്ക് കൊല്ലം ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണ സ്റ്റാളുകൾക്ക് ഇങ്ങനെ പേരുകൾ നൽകിയതെന്ന് സംഘാടകർ പറയുന്നു. ഭക്ഷണം കഴിക്കാനുള്ളവർക്ക് അഷ്ടമുടിയിലേക്ക് പോകാം, ജഡായുപാറയിലേക്ക് പോകാം എന്നൊക്കെ പറയുമ്പോൾ ഭക്ഷണശാലയിൽ എത്തുന്നവരുടെ മുഖത്ത് കൗതുകമാണെന്നും സംഘാടകർ വ്യക്തമാക്കുന്നു.

എന്താണ് ഈ സ്ഥലങ്ങളുടെ പ്രത്യേകത

നീണ്ടകര, അഴീക്കൽ, തങ്കശ്ശേരി എന്നിവ കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളാണ്. അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന അഴിമുഖമാണ് നീണ്ടകര തുറമുഖത്തിന്റെ പ്രത്യേകത. കായലിനും കടലിനും ഇടയിലൂടെയുള്ള യാത്രയും ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലവും മനോഹരമായ ബീച്ചുമായാണ് അഴീക്കൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പ്രശസ്തമായ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് തങ്കശ്ശേരിയിലാണ്. 1902ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതാണ് ഇത്. തങ്കശ്ശേരിക്കോട്ടയും കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. ‍കടലും ഇത്തിക്കര കായലും പൊഴി മുഖാന്തരം ഒന്നുചേരുന്ന ഒരു തീരപ്രദേശമാണ് പരവൂർ.

വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുളള കായലാണ് അഷ്ടമുടി. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടമെന്ന വിശേഷണവും ഇതിനുണ്ട്. പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണ് അച്ചൻകോവിൽ. ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമന്‍ സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. അച്ചൻകോവിൽ വനയാത്രയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായലാണ് ശാസ്താംകോട്ട. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ കേന്ദ്രമായിരുന്നു കുണ്ടറ. വേലുത്തമ്പി ദളവയുടെ കുണ്ടര വിളമ്പരവും ചരിത്ര പ്രസിദ്ധമാണ്.

അഷ്​ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള ചെറിയ തുരുത്തുകളുടെ കൂട്ടമാണ് മൺറോതുരുത്ത്. വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളും ചെറുവള്ളങ്ങളുമാണ് മൺറോതുരുത്തിനെ ആകർഷകമാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ് ജഡായുപ്പാറയുടെ പ്രത്യേകത. ജില്ലയുടെ കിഴക്കേയറ്റത്ത് സഹ്യനോട് ചേര്‍ന്ന വനപ്രദേശമാണ് റോസ് മല. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട സ്ഥലമാണ് പരവൂര്‍ പൊഴിക്കര. പരവൂർ കായലിന്റെയും അറബിക്കടലിന്റെയും സാന്നിദ്ധ്യമാണ് പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത്. തെന്മല, പാലരുവി, ശെന്തുരുണി, സാമ്പ്രാണിക്കൊടിയുമെല്ലാം കൊല്ലം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

Tags:    
News Summary - kerala school kalolsavam- food stall-ruchiyidam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.