ഒറ്റക്ക് വഴിവെട്ടി വരികയാണ് ഈ ചേട്ടനും അനുജനും; കൂടെയുണ്ടാവണം കേരളമേ...

തൃശൂർ: കലാപാരമ്പര്യവും താരശോഭയുള്ള ഗുരുക്കന്മാരുമില്ലാതെ കലോത്സവവേദിയിലേക്ക് ഒറ്റക്കും തോളോടുതോൾ ചേർന്നും വഴിവെട്ടി വന്നവരാണ് സഹോദരങ്ങളായ ശ്രീകൃഷ്ണനും പരമേശ്വരനും. ശ്രീകൃഷ്ണന് കേരളം അറിയപ്പെടുന്ന സിനിമാനടനാവണം. പരമേശ്വരനാണെങ്കിൽ കലയോടൊപ്പം മികച്ചൊരു ഡോക്ടറാവണമെന്ന ആഗ്രഹംകൂടിയുണ്ട്.

ജീവിതത്തിൽ ആഗ്രഹിക്കാത്തതെന്തൊക്കെയോ സംഭവിച്ചതോടെ ഏഴു വർഷമായി കണ്ണൂർ തലശ്ശേരി ചിൽഡ്രൻസ് ഹോമിലാണ് ഇരുവരും കഴിയുന്നത്. പഠനത്തോടൊപ്പം കലാജീവിതത്തിലേക്ക് കടന്നതും ഇവിടെനിന്നാണ്. ചിൽഡ്രൻസ് ഹോമിലെ ഫെസ്റ്റിനായി ഇവിടെയുള്ള മുപ്പതോളം വരുന്ന സഹപാഠികൾക്ക് അഭിനയവും നൃത്തവുമെല്ലാം പരിശീലിപ്പിച്ചായിരുന്നു തുടക്കം. അങ്ങനെ കലാരംഗത്തേക്കും സ്വയംവെട്ടിയ വഴിയിലൂടെ കലോത്സവവേദിയിലേക്കും ഈ സഹോദരങ്ങൾ ചുവടുവെച്ചു.

കണ്ണൂർ ചിറക്കര ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരനായ ശ്രീകൃഷ്ണൻ മോണോആക്ട്, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിലും പ്ലസ് വണ്ണുകാരനായ പരമേശ്വരൻ മോണോആക്ടിലും ജില്ല കലോത്സവത്തിലെത്തിയെങ്കിലും മോണോആക്ടിലൂടെ ശ്രീകൃഷ്ണന് മാത്രമാണ് സംസ്ഥാനതലത്തിലേക്ക് അവസരം ലഭിച്ചത്.

ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മുഹമ്മദ് അഷ്റഫ്, കെയർ ടേക്കർ ശ്രീലേഷ്, കൗൺസിലർ നീതു, കുക്ക് ചന്ദ്രമതി എന്നിവരും കട്ടച്ചങ്കായ സഹോദരനും പൂർണ പിന്തുണയുമായി ഒപ്പം നിന്നതോടെയാണ് ശ്രീകൃഷ്ണൻ സംസ്ഥാന മേളക്ക് എത്തിയതും എ ഗ്രേഡോടെ ജയിച്ചതും. രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സ്വപ്നങ്ങളെയടക്കം ബുൾഡോസർ രാജിലൂടെ ഒറ്റരാത്രികൊണ്ട് തകർത്തെറിയുന്ന ഭരണകൂട ഭീകരതയാണ് ശ്രീകൃഷ്ണൻ മോണോആക്ടിലൂടെ അവതരിപ്പിച്ചത്. സവ്യ ഷാജിയായിരുന്നു പരിശീലകൻ. കലക്കൊപ്പം പഠനത്തിലും മുൻനിരയിലാണ് ഈ സഹോദരങ്ങൾ. ഇരുവരുടെയും കൊച്ചനിയൻ രാഘവേന്ദ്രൻ അമ്മ ചന്ദ്രികക്കൊപ്പമാണ് കഴിയുന്നത്.

Tags:    
News Summary - kerala school kalolsavam 2026 childrens home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.