ന്യൂഡല്‍ഹി: കേരളത്തിലെ സാമുദായിക സംവരണത്തിലെ പാകപ്പിഴമൂലം മുസ്ലിം സമുദായത്തിന് അർഹതപ്പെട്ടത് നഷ്ടപ്പെടുന്നതിനെതിരെ ഹൈകോടതിയെ സമീപിക്കാൻ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേരളത്തിലെ മാത്രം വിഷയമായതിനാൽ ആദ്യം സമീപിക്കേണ്ടത് ഹൈകോടതിയെ ആണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി.
മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ അഡ്വ. വി.െക. ബീരാൻ ചെയർമാനായ ‘മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമീഷന് ട്രസ്റ്റ്’ ആണ് കേരളത്തിലെ സാമുദായിക സംവരണത്തിന് അർഹതപ്പെട്ട സമുദായങ്ങളുടെ തൽസ്ഥിതി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്.
ഇന്ദിര സാഹ്നി കേസിെൻറ വിധിയുടെ അടിസ്ഥാനത്തിലുള്ള സംവരണ വിഷയങ്ങൾ സുപ്രീംകോടതിക്കു മുമ്പാകെതന്നെ ഉന്നയിക്കണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിഷയമാണെങ്കിലും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. ഹുസൈഫ് അഹ്മദി ബോധിപ്പിച്ചു. എന്നാൽ, അതിെൻറ ആവശ്യമില്ലെന്നും ഹൈകോടതിയെ നേരിൽ സമീപിച്ചാൽ മതിയെന്നും സുപ്രീംകോടതി പ്രതികരിച്ചു.
സംവരണം നടപ്പാക്കിയ റൊേട്ടഷൻ സമ്പ്രദായത്തിലെ അശാസ്ത്രീയതയും സാമുദായിക വിവേചനവുംമൂലം കേരളത്തിലെ സംവരണ സമുദായങ്ങളിൽ ചിലത് ലക്ഷ്യത്തിനപ്പുറം കടന്നപ്പോൾ മുസ്ലിം സമുദായത്തിന് അർഹതപ്പെട്ടത് അനുവദിച്ചിട്ടില്ലെന്നാണ് ഹരജിക്കാരുടെ വാദം.
നിലവിലുള്ള റൊട്ടേഷന്‍ പ്രകാരം ആറാമത്തെ തസ്തികയിൽ മാത്രമേ മുസ്ലിംകള്ക്ക് നിയമനമുള്ളൂ. ഇത് മുസ്ലിംകൾക്ക് അര്‍ഹതപ്പെട്ട അവസരം നഷ്ടമാക്കിയതിനാൽ 1993ലെ കേരള സംസ്ഥാന പിന്നാക്കവിഭാഗ നിയമത്തിലെ 11ാം വകുപ്പ് പ്രകാരം പട്ടിക പുനഃപരിേശാധിച്ച് പുതുക്കാന്‍ നിർദേശം നല്‍കണമെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു. ഇന്ദിര സാഹ്നി കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണപ്പട്ടിക പുനഃപരിശോധിക്കേണ്ടതാണ്. എന്നാല്‍, 1992ലെ സുപ്രീംകോടതി വിധി കേരള സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്ന് ഹരജിയിലുണ്ട്. കേരള ഹൈകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.