തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വ്യാപകമായ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴുജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 20 വരെ മഴ തുടർന്നേക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്ക് കനത്ത മഴക്കുള്ള മഞ്ഞ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇടുക്കിയിലും ഇതേദിവസം കനത്തമഴ പ്രവചനത്തിലുണ്ട്. വെള്ളിയാഴ്ച എറണാകുളം ജില്ലക്കും ഓറഞ്ച് മുന്നറിയിപ്പാണ്.
മണിക്കൂറുകൾക്കുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം പൂർണ്ണമായി പിൻവാങ്ങി തുലാവർഷം ആരംഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 19- ഓടെ അറബിക്കടലിൽ ന്യൂനമർദം പ്രതീക്ഷിക്കുന്നുണ്ട്. കേരളം-തെക്കൻ കർണാടകതീരത്തിനടുത്താണ് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ കടൽ പ്രക്ഷുബ്ദമാവാനുളള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.