പെറ്റി കേസിന്റെ മറവിൽ പൊലീസുകാരി തട്ടിയത് 16 ലക്ഷം; സസ്​പെൻഷൻ

കൊച്ചി: പെറ്റിക്കേസുകളില്‍ അഴിമതി നടത്തി വനിത സീനിയർ സിവിൽ പൊലീസ​് ഓഫിസർ തട്ടിയത് 16 ലക്ഷത്തിലധികം രൂപ. മൂവാറ്റുപുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലവിൽ മൂവാറ്റുപുഴ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ശാന്തിനി കൃഷ്ണയാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് സർവിസിൽ നിന്ന് സസ്​പെൻഡ് ചെയ്തു. 16,76,650 രൂപയാണ് പെറ്റിതുകയില്‍ തിരിമറി നടത്തി ത​ട്ടിയെടുത്തത്. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്ററായിരിക്കെ 2018 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയാണ് തട്ടിപ്പ് നടന്നത്.

പിഴയടക്കാനുള്ളവരിൽനിന്ന് പണം വാങ്ങി രസീതിലും രജിസ്റ്ററിലും തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയത്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റില്‍ റൈറ്ററായിരുന്ന കാലത്താണ് ശാന്തിനി പണം തട്ടിയത്. ട്രാഫിക് പൊലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവൻ ബാങ്കിലടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. ട്രാഫിക് എസ്.ഐ ടി. സിദ്ദിഖിനോട് ജില്ല പൊലീസ് മേധാവി ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞിരുന്നു. തുടർന്ന് ജൂലായ് 21ന് എസ്.ഐ മൊഴി നൽകി. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി കേസെടുത്തു. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.

ട്രാഫിക് കേസുകളിൽ പിഴയായി ഈടാക്കുന്ന തുക പൊലീസ​ുകാർ അതത് ദിവസം റൈറ്ററെ ഏൽപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇ പോസ് യന്ത്രം വന്ന ശേഷമാണ് ഇതിൽ മാറ്റം വന്നത്. ഈ തുകയുടെ കണക്കുകൾ പൊലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും രജിസ്റ്ററിലും ചേർത്ത ശേഷം ചലാനെഴുതി ബാങ്കിൽ അടയ്ക്കുന്നത് ചുമതലയിലുള്ള റൈറ്ററാണ്. രസീതുകളിലും രജിസ്റ്ററുകളിലും യഥാർഥ തുകയെഴുതുകയും ചെലാനിൽ കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്കിൽ അടയ്ക്കുകയുമാണ് ശാന്തിനി ചെയ്തിരുന്നത്. പണമടച്ചശേഷം ബാങ്ക് രസീതിൽ ബാക്കി ഭാഗം എഴുതിച്ചേർക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. പല തവണയായാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയത്. ജില്ല പോലീസ് ഓഫിസിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ രസീതുകളിൽ വ്യത്യാസം കണ്ടെത്തി. തുടർന്ന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

Tags:    
News Summary - kerala police officer suspended embezzlement Rs 16 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.