തിരുവനന്തപുരം: സമകാലിക സന്ദർഭങ്ങളെ ചേർത്തുവെച്ച് തഗ്ഗ് ഉപദേശവുമായി സമൂഹമാധ്യമങ്ങളിൽ ഇടക്കിടെ കാര്യം പറയുന്നവരാണ് കേരള പൊലീസ്. റോഡും റോഡ് നിയമങ്ങളും തൊട്ട് സകല ക്രിമിനൽ നിയമങ്ങളും ഇടക്കിടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഫേസ്ബുക്ക് അകൗണ്ട് ഉപയോഗിക്കാറുണ്ട്.
ഇന്ന് കേരളം ഏറെ ചർച്ച ചെയ്യുന്നത് രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി കേരള ടീം ഫൈനലിൽ എത്തിയതാണ്. അവിടെയും തഗ്ഗിനുള്ള സാധ്യത കണ്ടെത്തി കേരള പൊലീസ്. കാരണം ഇന്ന് കേരളം ഫൈനലിൽ പ്രവേശിച്ചത് അത്രയേറെ നാടകീയ സംഭവങ്ങളിലൂടെയാണ്. അതിലെ പ്രധാന താരമാണ് ഹെൽമറ്റ്. സൽമാൻ നിസാർ ഫീൽഡിൽ ധരിച്ചിരുന്ന ഹെൽമറ്റ്. ഗുജറാത്തിന് ഫൈനലിലേക്ക് രണ്ട് റൺസ് മാത്രം ദൂരമുള്ളപ്പോഴാണ് അത് സംഭവിക്കുന്നത്.
അർസാൻ നാഗ്വസ്വല്ലയുടെ ഷോട്ട് സില്ലിപോയിന്‍റിൽ ഫീൽഡ് ചെയ്തുകൊണ്ടിരുന്ന സൽമാൻ നിസാറിന്‍റെ ഹെൽമെറ്റിൽ ചെന്നിടിച്ച പന്ത് കറങ്ങി തിരിഞ്ഞ് എത്തിയത് ഒന്നാം സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരുന്ന സച്ചിൻ ബേബിയുടെട കൈയിലായിരുന്നു. അങ്ങനെ ഒന്നാം ഇന്നിങ്സിൽ രണ്ടു റൺസ് ലീഡ് പിടിച്ച് കേരളം ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തി.
'കളിയും ജീവനും സേവ് ചെയ്യും ഹെൽമെറ്റ്, ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം' എന്നാണ് കേരള പൊലീസ് പോസ്റ്റ് ചെയ്യുന്നത്. കൂടെ ആ സ്വപ്ന തുല്യമായ ക്യാച്ചിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.