'കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ ആവാം, ചർച്ചകൾ സ്വാഗതാർഹം'; വി.ടി.ബൽറാം

പാലക്കാട്: കേരളത്തിലെ ജില്ലകളെ പുനഃക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.

കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ടെന്നും വ്യക്തിപരമായ ഒരു നിരീക്ഷണം മാത്രമാണ് പാർട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ലെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുനഃക്രമീകരിച്ച് ഒരു പുതിയ ജില്ല, എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു ജില്ല, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ല, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു ജില്ല. എന്നിങ്ങനെയാണ് ബൽറാം മുന്നോട്ട് വെക്കുന്ന നിരീക്ഷണം.

വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണ്. ഒരു കേരളീയൻ എന്ന നിലയിൽ ഇക്കാര്യത്തിൽ എന്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെൻ്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നു.

കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ട്:
1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.
2) എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.
3) മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.
4) കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം. ചർച്ചകൾ നടക്കട്ടെ." 

Full View


മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണെന്ന ആവശ്യം വീണ്ടും ഉയർന്ന് വന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ നിരീക്ഷണം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്ര മലപ്പുറത്തെത്തിയപ്പോഴാണ് ഈ ആവശ്യം ഏറ്റവും ഒടുവിൽ ഉയർന്ന് വന്നത്.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ആണ് ഇത്തരമൊരു പ്രസ്താവന വായിച്ചത്. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

ജില്ലാ വിഭജനം റവന്യൂ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനഃക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടതെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Kerala needs five new districts - VT Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-09 05:16 GMT