തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ എൽ.ഡി.എഫിന്‍റെ തോൽവിയെ തുടർന്ന് മേയർ ആര്യാ രാജേന്ദ്രനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ആര്യ പാർട്ടിക്ക് വിധേയമായാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്നും തോറ്റപ്പോൾ എല്ലാ കുറ്റവും മേയറുടെ തലയിൽ ചാരാം എന്ന നിലയിൽ കാണാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിധേയമായാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. അഞ്ചാറ് ദിവസം ആര്യ രാജേന്ദ്രൻ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് പരിമിതിക്കുള്ളിൽ നിന്ന് അവർ പരാമാവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തോറ്റപ്പോൾ എല്ലാ കുറ്റവും മേയറുടെ തലയിൽ ചാരാം, ജയിച്ചിരുന്നെങ്കിൽ നല്ല മേയർ എന്ന നിലയിൽ കാണാൻ പറ്റില്ല -വി. ശിവൻകുട്ടി പറഞ്ഞു. ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം നടത്തിയ കൗൺസിലർ ഗായത്രി ബാബുവിന്‍റെ വിമർശനം വ്യക്തിപരമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.
നേരത്തെ, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പരോക്ഷ മറുപടിയുമായി ആര്യ രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഒരിഞ്ച് പിന്നോട്ടില്ല ('Not an inch back') എന്ന വാട്സ്ആപ് സ്റ്റാറ്റസാണ് ആര്യ ഷെയർ ചെയ്തത്.
തിരുവനന്തപുരം നഗരസഭയിലെ എൽ.ഡി.എഫിന്‍റെ തോൽവിക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആര്യയെ പരിഹസിച്ച് നന്ദി പറഞ്ഞ് ബി.ജെ.പി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു.
ആര്യയെ വിമർശിച്ച് ഗായത്രി ബാബു പറഞ്ഞത്: ‘ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിൽത്താനും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റ് രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത് പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം. അതേസമയം, കോർപറേഷനിലാകട്ടെ, എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതി വിനയവും ഉൾപ്പടെ,കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം,തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ,പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി....’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.