മകരവിളക്കിന് നിയമം ലംഘിച്ച് സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നുവെന്ന് വിജിലൻസ് റിപ്പോർട്ട്

പത്തനംതിട്ട: മകരവിളക്ക് ദിവസം സംവിധായകൻ അനുരാജ് മനോഹർ നിയമം ലംഘിച്ച് സന്നിധാനത്ത് ഷൂട്ടിംഗ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ടിങ് നടന്നിരുന്നു. ഷൂട്ടിങ് നടന്നതിന്‍റെ വീഡിയോ അടക്കമുള്ള റിപ്പോര്‍ട്ടാണ് എസ്.പി സുനിൽകുമാർ നൽകിയിട്ടുള്ളത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ. ജയകുമാര്‍ ഇതുസംബന്ധിച്ച് ഇന്ന് നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും തുടർ നടപടികൾ എന്തെന്ന് ബോർഡ് തീരുമാനിക്കുക.

സിനിമ ചിത്രീകരിക്കാനായി എ.ഡി.ജി.പി എസ്. ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്നും ഇതുസംബന്ധിച്ച പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അനുമതി നല്‍കിയെന്ന് വിജിലൻസിന്‍റെ റിപ്പോർട്ടിൽ പറയുന്നില്ല.

മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരണം നടന്നുവെന്ന്​ അനുരാജ് മനോഹറിനെതിരെ അഡ്വ. ഷാജഹാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്നാലെ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ പമ്പയില്‍ സിനിമ ചിത്രീകരിക്കാനുള്ള അനുമതി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ നിഷേധിച്ചിരുന്നു.

ഷൂട്ടിങ്​ നടത്തിയത് സന്നിധാനത്തല്ലെന്നും പമ്പ ഹിൽടോപ്പിലാണെന്നും അനുരാജ് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിരുന്നു. പൊലീസ്​ ഉദ്യോഗസ്ഥൻ നിർദേശിച്ച പ്രകാരമാണ്​ പമ്പയിൽ സിനിമ ചിത്രീകരിച്ചതെന്നും അ​ദ്ദേഹം ​അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് ഹൈ​കോടതിക്ക്​ കൈമാറാനാണ്​​ ദേവസ്വം ബോർഡ് തീരുമാനം.

അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തിയതിന് അനുരാജ് മനോഹറിനെതിരെ വനം വകുപ്പ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. വനത്തിൽ അതിക്രമിച്ച് കയറിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സിനിമ ഷൂട്ടിങ്ങിന് തന്നോട് ഫോണിലൂടെ സംവിധായകൻ അനുമതി തേടിയിരുന്നുവെന്നും ഹൈകോടതിയുടെ നിയന്ത്രണങ്ങളുള്ളതിനാൽ അന്ന് തന്നെ അനുമതി നിഷേധിച്ചിരുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

‘ഇഷ്ക്’, ‘നരിവേട്ട’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ചി​ത്രീകരണമാണ്​ പമ്പയിലും പരിസരത്തുമായി നടന്നത്​.

Tags:    
News Summary - Vigilance report says that the shooting of the movie took place at Sannidhanam for Makaravilakku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.