ചിത്രം 1: രാജിവെച്ച സൗമ്യ സുനിൽ, ചിത്രം 2: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ
ഇടുക്കി: കാമുകനൊപ്പം കഴിയാൻ വാഹനത്തിൽ മയക്കുമരുന്ന് വച്ച് ഭർത്താവിനെ കേസിൽപെടുത്താൻ ശ്രമിച്ച് ഒടുവിൽ വെട്ടിലായ പഞ്ചായത്ത് മെമ്പറുടെ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ഇടുക്കിയിലെ വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാർഡായ അച്ചക്കാനം വാർഡിലെ ഉപതെരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയം വരിച്ചത്.
കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്വതന്ത്ര സൗമ്യ സുനില്‍ വിജയിച്ച വാർഡാണ് ഇത്. എന്നാൽ, ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച് സൗമ്യയും കൂട്ടാളികളും പൊലീസ് പിടിയിലായതോടെ മെമ്പർ സ്ഥാനം നഷ്ടമായി. കേസിൽ അകപ്പെട്ടതോടെ സൗമ്യ സുനിലില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യുഡിഎഫ് സ്ഥാനാർഥി സൂസന്‍ ജേക്കബ്ബാണ് ഇത്തവണ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ലിസ ജേക്കബായിരുന്നു എതിരാളി. ബിജെപിയെ പ്രതിനിധീകരിച്ച് രാധ അരവിന്ദും മത്സരരംഗത്തുണ്ടായിരുന്നു.
കാമുകനായ വിദേശമലയാളി വിനോദിനൊപ്പം ജീവിക്കാൻ, ഭർത്താവ് സുനിൽ വർഗീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താനായിരുന്നു പഞ്ചായത്തംഗം സൗമ്യയുടെ ആദ്യ പ്ലാൻ. ഇതിനായി എറണാകുളത്തെ ക്വട്ടേഷൻ ടീമിനെ നിയോഗിച്ചു. പൊലീസ് പിടികൂടുമെന്നായതോടെ ഇത് ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ആലോചിച്ചിരുന്നു. അതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസിൽപെടുത്താൻ തീരുമാനിച്ചത്.
ഇവരുടെ ഭർത്താവും പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സ്വദേശിയുമായ സുനിൽ വർഗീസിന്‍റെ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വണ്ടന്മേട് പൊലീസാണ് കണ്ടെടുത്തത്. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്നില്ലെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. തുടർന്നാണ് സൗമ്യയും കാമുകൻ വിനോദ്, വിനോദിൻറെ സുഹൃത്തുക്കാളായ ഷാനവാസ്, ഷെഫിൻ എന്നിവർ ചേർന്ന് തട്ടിക്കൂട്ടിയ കെണിയായിരുന്നു ഇതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഢംബര ഹോട്ടലിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയത്.
ഷാനവാസും ഷെഫിനും 45000 രൂപക്കാണ് വിനോദിന് മയക്കുമരുന്ന് നൽകിയത്. ഇത് വണ്ടൻമേട് ആമയാറ്റിൽ വച്ച് സൗമ്യക്ക് കൈമാറി. സുനിലിൻറെ ഇരുചക്ര വാഹനത്തിൽ മയക്കുമരുന്ന് വച്ച ശേഷം ഫോട്ടോ എടുത്ത് വിനോദിന് അയച്ചു കൊടുത്തു. വിനോദ് സുഹൃത്തുക്കൾ വഴി പൊലീസിനും കൈമാറി. വിവരം ലഭിച്ച പൊലീസ് വാഹന പരിശോധന നടത്തിയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിൽ സൗമ്യയും കാമുകനും നടത്തിയ സിനിമാസ്റ്റൈലിലുള്ള ആസൂത്രണം പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെ പ്രതികൾ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സൗമ്യയുടെ പഞ്ചായത്തംഗത്വവും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.