തൃശൂർ: കേരള ലളിതകല അക്കാദമി ആറ് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സന്ദർഭത്തിൽ നവീന പദ്ധതികളുമായി ഭാരവാഹികൾ. കലാപഠന പ്രോത്സാഹനവും കലാകാരന്മാരുടെ ക്ഷേമവും മുൻനിർത്തി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായി ചെയർപേഴ്സൺ മുരളി ചുരോത്തും സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കലാകാരന്മാർക്ക് 'വർക്കിങ് ആർട്ടിസ്റ്റ് ഗ്രാൻറ്' ഏർപ്പെടുത്തും. ആറ് മുതൽ 10 മാസം വരെ നൽകുന്ന ഗ്രാന്റ് ഉപയോഗിച്ച് ഇവർ ഒരുക്കുന്ന സൃഷ്ടികളുടെ പ്രദർശനം സംഘടിപ്പിച്ച് വരുമാന മാർഗമൊരുക്കും. വിദേശ രാജ്യങ്ങളുമായി കലാകാരന്മാരെ കൈമാറുന്ന പദ്ധതി തുടങ്ങുകയാണ്. ബംഗ്ലാദേശിൽനിന്ന് ഫെബ്രുവരിയിൽ 10 കലാകാരന്മാർ കേരളത്തിലേക്കും തിരിച്ച് അവിടേക്ക് കേരളത്തിലെ 10 പേർ മാർച്ചിലും പര്യടനം നടത്തും. അതിന് പിന്നാലെ ശ്രീലങ്കയുമായും കൈമാറ്റ പദ്ധതിയുണ്ട്. വെനീസ് ഉൾപ്പെടെ കലാപ്രാധാന്യമുള്ള വിദേശ നാടുകളിലേക്ക് 'ആർട്ട് ടൂർ' ഒരുക്കും. ഇത്തരം പദ്ധതികൾക്ക് സ്വകാര്യ മേഖലയുടെ സഹായം തേടുമെന്ന് ഭാരവാഹികൾ പറഞ്ഞു.
'സർഗാത്മക കല വ്യവസായ'ത്തിന്റെ പരിപോഷണമാണ് ലക്ഷ്യം. ശാന്തിനികേതൻ അടക്കമുള്ള കേന്ദ്രങ്ങളിൽനിന്ന് ഫാക്കൽറ്റികളെ കൊണ്ടുവന്ന് വിദ്യാർഥികൾക്ക് കലാപരിശീലനം നൽകും. ഇത്തരത്തിലുള്ള ആദ്യ 'ആർട്ട് റെസിഡൻസി' ക്യാമ്പിലേക്ക് 20 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെല്ലാം പഠിച്ചിറങ്ങിയവരോ കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ആയ യുവാക്കളാണ്. കോഴിക്കോട്ടും എറണാകുളത്തും 'ആർട്ട് ഹബ്' തുടങ്ങും. കോഴിക്കോട്ടെ ആർട്ട് ഗാലറി കൂടുതൽ സൗകര്യത്തോടെ പുനർനിർമിക്കും.
ഓൺലൈൻ മാധ്യമങ്ങളിലൂടെ അക്കാദമിയുടെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ നടപടിയുണ്ടാകും. അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് പ്രഭാഷണ പരമ്പര ഉൾപ്പെടെ ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. നിർവാഹക സമിതി അംഗങ്ങളായ ലേഖ നാരായണനും സുനിൽ അശോകപുരവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.