കോവിഡ് മരണങ്ങൾ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളം-വീണ ജോർജ്

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് പുതുതായി പുറത്തുവന്ന വൈറ്റൽ രജിസ്ട്രേഷൻ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്ന മന്ത്രി വീണ ജോർജ്. ഈ റിപ്പോർട്ട് കണ്ടപ്പോൾ ആ കാലം വീണ്ടും ഓര്‍മ്മ വന്നുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ തുടക്കം.

ഒന്നാം തരംഗത്തെക്കാൾ വ്യാപന ശേഷിയും മരണനിരക്കും ഉള്ള ഡെൽറ്റ തരംഗം രാജ്യം മുഴുവൻ വ്യാപിച്ച സമയം. കോവിഡ് മരണങ്ങള്‍ കേരളത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്നും സംവിധാനങ്ങൾ ആകെ പരാജയപ്പെട്ടുവെന്നും ചില കേന്ദ്രങ്ങൾ വ്യാപകമായി പ്രചരണം നടത്തുന്ന ഘട്ടം. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം, അന്വേഷണത്തിന് കേന്ദ്ര സംഘം.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ ഗൈഡ് ലൈന്‍ ഇറക്കിയിരുന്നു. കോവിഡ് ബാധ കണ്ടെത്തിയ ഒട്ടേറെ ആളുകൾ പ്രായാധിക്യം ഉള്ളവരും മറ്റ് അവശതകൾ ഉള്ളവരും ആയിരുന്നു. അവർ മരണമടയുമ്പോൾ അത് കോവിഡ് കൊണ്ടുള്ള മരണമാണോ അതോ മറ്റ് രോഗങ്ങൾ കൊണ്ടുള്ളതാണോ എന്ന് ഡോക്ടർമാർക്ക് പോലും പറയാൻ കഴിയാത്ത അവസ്ഥ. കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച് കേന്ദ്രസർക്കാരിൻറ മാർഗരേഖ അന്ന് ഉണ്ടായിരുന്നില്ല.

മരണപ്പെടുന്നവർ കോവിഡ് മൂലമാകാൻ സാധ്യതയുണ്ടെങ്കിൽ അവർ ലിസ്റ്റിൽ ഉണ്ടെന്നു ഉറപ്പു വരുത്തണം എന്നാണ് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നൽകിയ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. കോവിഡ് മരണങ്ങൾ കണക്കാക്കുന്ന സാങ്കേതികത്വത്തിൽ കുരുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യാതെ പോകരുത്.

അതിനെ തുടർന്ന് കോവിഡ് മരണങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുക എന്ന വെല്ലുവിളി വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കി. രാജ്യത്തെ കോവിഡ് കേസുകൾ സംബന്ധിച്ച സുപ്രീം കോടതി വിധി പിന്നീട് അതിനെ സാധൂകരിച്ചു. അമിതമായ മരണനിരക്ക് സംബന്ധിച്ച ഒരു പഠനവും നാം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരി കാരണം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായ മരണങ്ങൾ ഏതാണ്ട് എല്ലാം തന്നെ നമ്മുടെ പട്ടികയിൽ ഇടംപിടിച്ചു.

കോവിഡ് കാലത്ത് സമൂഹത്തിൽ ഉണ്ടായ അധിക മരണങ്ങളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇത് നേരിട്ടുള്ള അണുബാധ കാരണം മാത്രം ഉണ്ടായിട്ടുള്ളവയല്ല. നേരിട്ട് അണുബാധകൾ കാരണം ഉണ്ടായ അധികമരണങ്ങൾക്കപ്പുറം മഹാമാരി കെടുതികൾ കാരണം നമ്മുടെ സമൂഹം മരണങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന സത്യത്തിനു കൂടി ഇപ്പോൾ പുറത്തുവന്നിട്ടുള്ള തെളിവുകൾ അടിവരയിടുന്നു. അതായത് കേരളത്തിലെ സർക്കാർ എങ്ങനെ ജനങ്ങളെ ചേർത്ത് പിടിച്ചു എന്നതിൻറെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ റിപ്പോർട്ട്.

നാട്ടിലുണ്ടാകുന്ന നൂറുശതമാനം മരണങ്ങളും സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ രേഖപ്പെടുത്തുന്ന സമൂഹമാണ് കേരളത്തിലേത്. മരണങ്ങൾ പൂർണമായും രേഖപ്പെടുത്താത്ത പ്രദേശങ്ങളിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള എണ്ണത്തേക്കാൾ വളരെ കൂടുതൽ ആയിരിക്കാം യഥാർഥ കണക്കുകൾ. കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ട സമൂഹങ്ങളിൽ ഒന്ന് നമ്മുടേതാണ് എന്ന് ലോകത്തോട് വിളിച്ചോതുന്ന റിപ്പോർട്ട് ആണ് ഇത് എന്നതിൽ യാതൊരു സംശയവുമില്ല.

വൈകിയാണെങ്കിലും സത്യം പുറത്തു വന്നതിൽ സന്തോഷം. സുതാര്യമായി കൃത്യമായി ഡോക്യൂമെന്‍റേഷന് സാധ്യമാക്കിയ എന്‍റെ പ്രിയ സഹപ്രവർത്തകരെ ഈ അവസരത്തിൽ ഓർക്കുന്നു. കേരളത്തിൻറെ പൊതുജനാരോഗ്യ സംവിധാനത്തിലെ സ്വതാര്യത കൂടിയാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Kerala is the state that has calculated the most accurately and transparently in a dying country - George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.