കേരളം ഭരിക്കുന്നത് കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്യുന്നവർ- കെ.സുരേന്ദ്രൻ

മാവേലിക്കര: കള്ളപ്പണക്കാർക്ക് പാവങ്ങളുടെ പണം തട്ടിയെടുക്കാനുള്ള ഒത്താശ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹകരണ ബാങ്കുകൾക്കുള്ള പൊതു സോഫ്റ്റ് വെയർ അംഗീകരിച്ചപ്പോൾ കേരളം മാത്രം എതിർത്തത് സഹകാരികളോടുള്ള വഞ്ചനയാണ്. പൊതു സോഫ്റ്റ് വെയർ ഉണ്ടായിരുന്നെങ്കിൽ സഹകാരികൾക്ക് പണം നഷ്ടപ്പെടില്ലായിരുന്നു. എന്നാൽ തട്ടിപ്പ് നടത്തിയാൽ പിടിവീഴുമെന്ന് മനസിലാക്കിയാണ് സംസ്ഥാന സർക്കാർ അതിനെ എതിർത്തതെന്നും മാവേലിക്കര സഹകരണ അദാലത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ അത്താണിയായ സഹകരണ സ്ഥാപനങ്ങളെ യുഡിഎഫും എൽഡിഎഫും ചേർന്ന് നശിപ്പിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന സർക്കാർ ഇതിന് കൂട്ടുനിൽക്കുകയാണ്. 11 കോടി രൂപ സതീശൻ ചാക്കിൽകെട്ടി കരുവന്നൂർ ബാങ്കിൽ നിന്നും കൊണ്ടുപോയെന്നാണ് പറയുന്നത്. ഇത്രയും തുക എവിടുന്ന് വന്നതാണ്? ഇത്തരം സഹകരണ ബാങ്കുകൾ കേന്ദ്ര സർക്കാർ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണ്. കെവൈസി നടപ്പാക്കിയിരുന്നുവെങ്കിൽ കരുവന്നൂർ ബാങ്കിൽ ഇങ്ങനെ തട്ടിപ്പ് നടക്കില്ലായിരുന്നു. നിക്ഷേപകരുടെ പണത്തിന് റിസർവ് ബാങ്കിൻ്റെ ഉറപ്പുണ്ടായിരുന്നു. അതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും സമരം ചെയ്തത് തട്ടിപ്പുകാരെ സംരക്ഷിക്കാനായിരുന്നു. കേന്ദ്രനിയമങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട അന്നത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ഭീഷണിപ്പെടുത്തുകയാണ് പിണറായി വിജയൻ ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ അർബൻ കോർപ്പറേറ്റീവ് സൊസൈറ്റിയിൽ തട്ടിപ്പില്ലാത്തതിന് കാരണം അത് ആർബിഐയുടെ നിയന്ത്രണത്തിലായത് കൊണ്ടാണ്. കരുവന്നൂരിൽ പരാതി കൊടുത്തത് നിക്ഷേപകരാണ്. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സർക്കാരിന് കീഴിലുള്ള സഹകരണ ഓഡിറ്റിംഗ് വിഭാഗമാണ്.

മാവേലിക്കര സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്. തട്ടിപ്പിനെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് അറിവുണ്ടായിരുന്നു. കരുവന്നൂരിൽ കള്ളൻമാരുടെ കൂടെയാണ് ഞങ്ങളെന്ന് പരസ്യമായി പറയുകയാണ് പിണറായിയും ഗോവിന്ദനും. ഇരകളായ നിക്ഷേപകരെ സിപിഎമ്മും സർക്കാരും പരസ്യമായി തളളിപ്പറഞ്ഞു. കൊള്ളക്കാരോടൊപ്പമാണ് ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് ഉറപ്പായിരിക്കുന്നു. കേരള ബാങ്കിൽ നിന്നും പണം വാങ്ങുമെന്ന് പറയുന്നത് ഒരു പ്രശ്നം പരിഹരിക്കാൻ മറ്റൊരു പ്രശ്നം ഉണ്ടാക്കുന്നത് പോലെ. പണം കൊടുക്കേണ്ടത് എകെജി സെൻ്ററിൽ നിന്നും ഇന്ദിരാഭവനിൽ നിന്നുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എംവി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ദേശീയ കൗൺസിൽ അംഗം വിക്ടർ തോമസ്, മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധ്, വിമൽ രവീന്ദ്രൻ, മാവേലിക്കര മണ്ഡലം പ്രസിഡൻ്റ് കെകെ അനൂപ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kerala is ruled by those who sympathize with black money- K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.