കേരളം എനിക്ക് പ്രചോദനം, രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ പിണറായിയുടെ ഉപദേശം തേടി -കമൽഹാസൻ

തിരുവനന്തപുരം: കേരള മോഡൽ വികസനം രാഷ്ട്രീയത്തിൽ തനിക്ക് പ്രചോദനമാണെന്ന് സിനിമതാരം കമൽഹാസൻ. കേരളം തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതല്‍ ശക്തി പകർന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് ഇന്ത്യക്ക് മാതൃകയാണ്. ഭൂപരിഷ്ക്കരണം, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ എന്നിവയെല്ലാം ആദ്യം നടത്തിയത് കേരളമാണ്. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതാണ് കോവിഡ് പ്രതിരോധത്തിന് സഹായകരമായതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി. കേരളീയം പരിപാടിയിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാടും കേരളവും അഭേദ്യമായ ബന്ധമുണ്ട്. ഡാൻസും സംഗീതവും മുതൽ ഭക്ഷണ കാര്യത്തിൽ വരെ ബന്ധപ്പെട്ടു കിടക്കുന്നു. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 2017ൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾ വീണ്ടും കേരളത്തിലെത്തി പിണറായി വിജയനിൽ നിന്ന് ഉപദേശം തേടിയതായും കമൽഹാസൻ വ്യക്തമാക്കി.

കേരളം തന്‍റെ ജീവിതത്തിൽ പ്രത്യേകതയുള്ള സ്ഥലമാണ്. സിനിമ താരം എന്ന നിലയിൽ കേരളത്തില്‍ നിന്ന് പ്രചോദനം ഉൾകൊണ്ടിട്ടുണ്ട്. സിനിമയെ കുറിച്ച് അറിയുന്നതിനും സ്വയം മെച്ചപ്പെടുത്തുന്നതിനും മലയാള സിനിമ അവസരം നൽകി. കേരളത്തിന്‍റെ സാംസ്കാരിക രംഗത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച മലയാള സിനിമ, തന്റെ സിനിമ കാഴ്ചപ്പാടിനെ സ്വാധീനിച്ചു.

സാമൂഹിക വിഷയങ്ങൾ അടിസ്ഥാനമാക്കിയ പ്രമേയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടു. ഏഴോ എട്ടോ വയസുള്ളപ്പോഴാണ് സേതുമാധവൻ സംവിധാനം ചെയ്ത 'കണ്ണും കരളും' എന്ന സിനിമയിൽ താൻ അഭിനയിച്ചതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kerala inspired me, sought Pinarayi's advice when I entered politics - Kamal Haasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.