കൊച്ചി: മതന്യൂനപക്ഷ വിഭാഗം നടത്തുന്ന കോളജിെൻറ പേര് മാറ്റിയതിെൻറ പേരിൽ ന്യൂനപക്ഷ പദവി ഇല്ലാതാകില്ലെന്ന് ഹൈകോടതി. പേരു മാറ്റത്തിലൂടെ ന്യൂനപക്ഷ പദവി ഇല്ലാതായെന്ന് പറഞ്ഞ് വിദ്യാർഥി പ്രവേശനം നിഷേധിക്കാൻ പ്രഫഷനൽ കോഴ്സുകൾക്കായുള്ള പ്രവേശന, ഫീസ് നിയന്ത്രണ സമിതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് എ.എം ഷഫീഖ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ 2018 -19 വർഷം എം.ബി.ബി.എസ് പ്രവേശനം നേടിയ 37 വിദ്യാർഥികളുെട പ്രവേശനത്തിനുള്ള അപേക്ഷ തള്ളിയ ഫീസ് നിയന്ത്രണ സമിതിയുടെ നടപടിക്കെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഇത് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമല്ലെന്നും ന്യൂനപക്ഷ വിഭാഗക്കാരെന്ന് തെളിയിക്കാൻ നൽകിയ സർട്ടിഫിക്കറ്റുകൾ അംഗീകൃതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. എന്നാൽ, ന്യൂനപക്ഷ പദവിയുള്ള ഇൗ കോളജിലെ 100ൽ 35 സീറ്റ് ബിലീവേഴ്സ് ചർച്ച് വിശ്വാസികൾക്കും അഞ്ച് ശതമാനം ഇവരിലെ വിദേശ ഇന്ത്യക്കാർക്കുമുള്ളതാണ്. ഇവയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് പ്രവേശനം നിഷേധിച്ചത്. ദേശീയ കമീഷെൻറ രേഖ പ്രകാരം ബിലീവേഴ്സ് ചർച്ചിനും അതിന് കീഴിലെ മെഡിക്കൽ കോളജിനും ന്യൂനപക്ഷ പദവിയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിലുള്ള സ്ഥാപനത്തിലെ പ്രവേശനത്തിനാണ് അനുമതി തേടിയതെന്നും ന്യൂനപക്ഷ പദവിയുള്ളത് ബിലീവേഴ്സ് ചർച്ചിനാണെന്നുമായിരുന്നു സമിതിയുടെ വാദം. 2017 ഫെബ്രുവരി 17നാണ് പേര് മാറ്റം പ്രാബല്യത്തിൽ വന്നത്. എന്നാൽ, പേര് മാറ്റംകൊണ്ട് ന്യൂനപക്ഷ പദവി ഇല്ലാതാകുന്നില്ല എന്നിരിക്കെ ന്യൂനപക്ഷ പദവിയില്ലെന്ന പേരിൽ അംഗീകാരം നിഷേധിച്ച തീരുമാനം നീതീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഹരജിക്കാരായ വിദ്യാർഥികൾ ആദ്യം മതമേലധികാരികളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് പിന്നാലെ കോടതി ഉത്തരവ് പ്രകാരം റവന്യൂ അധികൃതരുടെ സർട്ടിഫിക്കറ്റും സമർപ്പിച്ചിട്ടുണ്ട്. വികാരി സമിതിയിൽ നേരിട്ട് ഹാജരായി താൻ നൽകിയ സർട്ടിഫിക്കറ്റാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റിെൻറ പേരിൽ അംഗീകാരം നിഷേധിച്ചതിനെയും ന്യായീകരിക്കാനാവില്ല.
ഹരജിക്കാർ പ്രവേശനത്തിന് അർഹരല്ലെന്ന ഉത്തരവ് കോടതി റദ്ദാക്കി. ഹരജിക്കാരുടെ പേര് എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ ആരോഗ്യ സർവകലാശാലക്ക് നിർദേശവും നൽകി. ഇവർക്ക് ക്ലാസിലിരിക്കാനും പരീക്ഷയെഴുതാനും അനുമതി നൽകാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.