തിരുവനന്തപുരം: സംസ്ഥാനം കണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ കേരളം വിധിയെഴുതി. കേരളം ഇനി ആര് ഭരിക്കണമെന്നറിയാൻ 25 ദിവസം നീണ്ട കാത്തിരിപ്പ്.
കനത്ത പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാത്രി വൈകിവന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം പോളിങ് 78.23 ശതമാനമാണ്. ഇത് 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.23 ശതമാനം അധികമാണ്.
ഇത്തവണ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ്; 81.32 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിലും-70.76 ശതമാനം. പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയ മണ്ഡലം -84.63 ശതമാനം. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ് -68.99 ശതമാനം.
ഇത്തവണത്തെ മൊത്തം പോളിങ് 78 ശതമാനം കടന്നതോടെ 2021ലെ ശതമാനത്തെ മറികടന്നു. 2021ൽ സർവിസ് വോട്ടർമാരും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടെ 76 ശതമാനമായിരുന്നു. എസ്.ഐ.ആറിന് ശേഷമുള്ള തെരഞ്ഞെടുപ്പ് എന്ന നിലയിൽ പരിഗണിച്ചാൽ തന്നെ ശതമാനത്തിലും മൊത്തം വോട്ട് ചെയ്തവരുടെ എണ്ണത്തിലും 2021നെ അപേക്ഷിച്ച് ഇത്തവണ വർധനവുണ്ടായി. സർവിസ്, പോസ്റ്റൽ വോട്ടുകളുടെകൂടി കണക്ക് വരുന്നതോടെ നിലവിലെ ശതമാനത്തിൽ നേരിയ വർധനവുണ്ടാകും.
ഇത്തവണ ആകെയുള്ള വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 78 ശതമാനം വോട്ട് രേഖപ്പെടുത്തിയാൽതന്നെ വോട്ട് ചെയ്തവരുടെ എണ്ണം 2.11 കോടിക്ക് മുകളിലെത്തും. 2021ൽ ആകെയുണ്ടായിരുന്ന 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേരാണ് വോട്ട് ചെയ്തത്. പുറത്തുവന്ന കണക്കുകൾ പ്രകാരം സംസ്ഥാന ചരിത്രത്തിലെ ഉയർന്ന നാലാമത്തെ പോളിങ് ശതമാനമാണ് ഇത്തവണത്തേത്.
രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ടുമണിക്കൂറിൽതന്നെ പോളിങ് 15 ശതമാനം കവിഞ്ഞു. 11 മണിയോടെ 35 ശതമാനവും ഉച്ച ഒരുമണിയോടെ 50 ശതമാനത്തിന് മുകളിലുമെത്തി. വൈകിട്ട് മൂന്ന് മണിയോടെ 62 ശതമാനത്തിനും അഞ്ച് മണിക്ക് 75 ശതമാനത്തിനും മുകളിലെത്തി.
സംസ്ഥാനത്ത് പലയിടങ്ങളിലും പോളിങ് സമയം അവസാനിക്കുന്ന ആറ് മണി കഴിഞ്ഞിട്ടും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട വരികൾ തുടർന്നു. രണ്ടുമണിക്കൂർ വരെ അധിക സമയമെടുത്താണ് ഇവിടങ്ങളിൽ പോളിങ് പൂർത്തിയാക്കിയത്. പലയിടങ്ങളിലും സംഘർഷങ്ങളുമുണ്ടായി. കള്ളവോട്ടിനുള്ള ശ്രമങ്ങളുമുണ്ടായി.
മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോൾ, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു. തൂക്ക് സഭ വരുമെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നും ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മേയ് നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) ആദ്യം എണ്ണുക. അവ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയതിനാൽ എണ്ണിത്തീർക്കാൻ സമയമെടുക്കും.
തുടർന്നാണ് വോട്ടുയന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ക്രമനമ്പർ അനുസരിച്ച് ഓരോ ബൂത്തിലെയും യന്ത്രങ്ങൾ ഡീകോഡ് ചെയ്ത് ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ എത്രയെന്ന് കണക്കാക്കും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുക. ഓരോ ബൂത്തിലും ആർക്കാണ് ലീഡെന്ന് അറിയാം.
ജനവിധിയെക്കുറിച്ച് സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 29ന് വൈകീട്ട് ആറിന് ശേഷമേ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടാൻ പാടുള്ളൂ എന്നാണ് നിർദേശം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. മേയ് 23ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും.
തിരുവനന്തപുരം: വോട്ട് യന്ത്രങ്ങൾ പണിമുടക്കിയതും കള്ളവോട്ട് ആരോപണങ്ങളും സംഘർഷങ്ങളുമൊക്കെ നിറഞ്ഞതായിരുന്നു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്ദിനം. വോട്ട് യന്ത്രങ്ങൾ കേടായതും പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകളും മൂലമാണ് വൈകീട്ട് ആറിന് ശേഷവും പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിരക്ക് കാരണമായത്. പലയിടങ്ങളിലും കള്ളവോട്ട് ആരോപണവും ഉയര്‍ന്നു.
മഞ്ചേശ്വരം, പാലക്കാട്, വടക്കാഞ്ചേരി, ഷൊർണൂർ, പയ്യന്നൂർ, ഒറ്റപ്പാലം, തൃപ്പൂണിത്തുറ, പൂഞ്ഞാർ, ബീമാപള്ളി എന്നിവിടങ്ങളിലുൾപ്പെടെയാണ് കള്ളവോട്ട് പരാതി ഉയര്‍ന്നത്. തിരുവനന്തപുരത്ത് പെരുമാതുറ, കണ്ണൂർ, മണലൂർ എന്നിവിടങ്ങളിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. മഷിപുരട്ടേണ്ട വിരലിന് പരിക്കേറ്റ് വന്ന യുവതിയെ വോട്ട് ചെയ്യാൻ അനുവദിക്കാത്തത് തൃശൂർ കുർക്കഞ്ചേരിയിൽ കുറേനേരം പ്രശ്നം സൃഷ്ടിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഉൾപ്പെടെ ഇടപെടലിനെ തുടർന്ന് ആറുമണിക്ക് ശേഷമാണ് യുവതിയെ വോട്ട് ചെയ്യാൻ അനുവദിച്ചത്.
പോളിങ് ആരംഭിക്കുന്നതിന് മുമ്പ് പലയിടങ്ങളിലും യന്ത്രം തകരാറിലായത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. മോക് പോളിങ്ങിനിടെയാണ് യന്ത്രങ്ങൾ പലതും പണിമുടക്കിയത്.
ആറ്റിങ്ങൽ ആലംകോട് എച്ച്.എസ് ബൂത്ത് നമ്പർ 48ലെ വോട്ടിങ് യന്ത്രം തകരാറിലായി. മലപ്പുറം വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്‍ലാം മദ്റസയിലെ യന്ത്രവും തകരാറിലായി. കോഴിക്കോട് നാദാപുരം ബൂത്ത് 51ലും 76ലും മോക്പോളിങ് വൈകി. യന്ത്രത്തിലെ പ്രശ്നം പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് പുനരാരംഭിച്ചത്. കൊല്ലം ഇരവിപുരം ക്രിസ്തുരാജ് എച്ച്.എസ്.എസ്, തിരുവല്ല ഇരതോട് ബൂത്തുകളിൽ യന്ത്രം തകരാറിലായതും പ്രശ്നം സൃഷ്ടിച്ചു. തിരൂരിലും സമാനമായ സംഭവമുണ്ടായി.
ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. ബേപ്പൂർ മണ്ഡലത്തിലെ കൊളത്തറയിലും കള്ളവോട്ട് ശ്രമം നടന്നെന്ന ആരോപണം ഉയർന്നു. വ്യാജ തിരിച്ചറിയൽ കാർഡുമായി വോട്ട് ചെയ്യാനെത്തിയെന്നാണ് ആരോപണം. കിറ്റ് വിവാദം കത്തിയ മണലൂരിൽ യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം മറ്റൊരാൾ കൂടി ബൂത്തിൽ കയറിയെന്നതിനെ ചൊല്ലിയുള്ള തർക്കം കുറച്ചുനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബി.ജെ.പി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തതിനെ ചോദ്യം ചെയ്ത ബി.ജെ.പി പ്രവര്‍ത്തകര്‍ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ തടയുകയും ചെയ്തു. ബീമാപള്ളിയിൽ രണ്ടു കള്ളവോട്ടുകൾ ചെയ്തതായുള്ള ആരോപണം എൽ.ഡി.എഫ് ഉന്നയിച്ചു. തൃപ്പൂണിത്തുറ പള്ളുരുത്തിയിലും കള്ളവോട്ട് പരാതിയുണ്ട്. പലരും വോട്ട് ചെയ്യാനെത്തിയപ്പോൾ നേരത്തെ വോട്ട് ചെയ്തെന്നും തപാൽ വോട്ട് ചെയ്തതായും കണ്ടെത്തുകയായിരുന്നു. പലർക്കും ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.