2016-ൽ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞിരുന്നു, ഇത്, മാറ്റമുണ്ടാക്കിയെങ്കിലും പോരെന്ന് മുഖ്യമന്ത്രി; സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഫയൽ നീങ്ങുന്നതിൽ വേണ്ടത്ര വേ​ഗം കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് 2016ൽ പറഞ്ഞിരുന്നു. ഇതിനുശേഷം മാറ്റമുണ്ടായി. എന്നാൽ, വലിയ പുരോഗതി ഉണ്ടായിട്ടില്ല. ഇപ്പോൾ നടക്കുന്ന താലൂക്ക് തല അദാലതുൾപ്പെടെ ഇത്തരം തടസങ്ങൾ ഇല്ലാതാക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സമ്പൂർണ ഇ ​ഗവേൺൻസ് സംസ്ഥാനമാക്കി പ്രഖ്യാപിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി മാറുന്നത് കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇ-ഗവേര്‍ണന്‍സ് പൂര്‍ണതോതില്‍ ഫലപ്രദമാക്കുന്നതിന് സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളത്തിന് സുശക്തമായ അടിത്തറ പാകുന്ന പദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ സര്‍ക്കാരിന് ഒരു ചുവടുകൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞു. കെ ഫോണ്‍ അടുത്ത മാസം മുതല്‍ യാഥാര്‍ത്ഥ്യമാകും. ഇതോടെ ഇന്റര്‍നെറ്റ് സാന്ദ്രതയോടെ ലഭ്യമാകും. പൊതുസ്ഥലങ്ങളില്‍ വൈ ഫൈ കെ ഫോണ്‍ പദ്ധതി നടപ്പാക്കി വരുന്നു. സമൂഹത്തിലെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ രാജ്യത്തിന്റെ പല ഭാഗത്തും സാധാരണ സംഭവമായി. കേരളത്തില്‍ ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചാണ് ഭരണം നടക്കേണ്ടത്. എന്നാൽ, പലപ്പോഴും അങ്ങനെയല്ല. കേരളത്തിൽ വ്യത്യസ്ഥമായ അനുഭവമാണുള്ളത്. തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതെല്ലാം നടപ്പാക്കാൻ കഴിയുന്നു. 2016-​ൽ അധികാരത്തിലേറിയ സർക്കാർ ജനങ്ങൾക്ക് മുൻപിൽ വെച്ച 600 വാഗ്ദാനങ്ങളും നടപ്പാക്കി. ഇതാണ് കേരളം രാജ്യത്തിന് കാണിച്ചു കൊടുക്കുന്ന പുതിയ സംസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ വന്ന ഇ-സേവനം പോര്‍ട്ടല്‍ എന്ന ഏകജാലക സംവിധാനത്തിലൂടെ ഏകദേശം 900 സേവനങ്ങള്‍ ലഭ്യമാക്കുന്നു. മറ്റൊരു ജനകീയ പദ്ധതിയായ ഇ-ഡിസ്ട്രിക്റ്റ് മുഖേന 7.5 കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കിയത്. ഇ-ഗവേര്‍ണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്വര്‍ക്ക് പദ്ധതി ആവിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി. 

Tags:    
News Summary - Kerala has been declared as a complete e-governance state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.