ഇ.അഹമ്മദ് വികസനത്തിന് ഊര്‍ജം പകര്‍ന്ന നേതാവ് – ഗവര്‍ണര്‍

തിരുവനന്തപുരം: മുന്‍കേന്ദ്രമന്ത്രിയും പാര്‍ലമെന്‍റ് അംഗവുമായ ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. കേരളത്തിന്‍െറ ഗ്രാമീണ, വ്യവസായവികസനത്തിന് ഊര്‍ജം പകര്‍ന്ന നേതാവാണ് അഹമ്മദ് എന്ന് ഗവര്‍ണര്‍ പി. സദാശിവം അനുസ്മരിച്ചു. ഇന്ത്യയുടെ നയതന്ത്രനിലപാടുകളെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അഹമ്മദ് മുഖ്യകാര്‍മികത്വം വഹിച്ചതായി ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

എന്നും മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അഹമ്മദ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വിദേശകാര്യ സഹമന്ത്രി എന്നനിലയില്‍ ഇന്ത്യയുടെ യശസ്സ്  ഉയര്‍ത്തിപ്പിടിക്കുന്നതിന് അദ്ദേഹത്തിനായി. റെയില്‍വേ, മാനവവിഭവശേഷി സഹമന്ത്രി, സംസ്ഥാന വ്യവസായ മന്ത്രി എന്നീ നിലകളില്‍ അദ്ദേഹത്തിന്‍െറ സംഭാവനകള്‍ ശ്രദ്ധേയമായിരുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അഹമ്മദിന്‍െറ നിര്യാണത്തോടെ മനുഷ്യസ്നേഹിയായ ഒരു ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍,  പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, എം.ഐ. ഷാനവാസ് എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍, എന്‍.സി.പി ദേശീയ സമിതി അംഗം രാജാജി അജയകുമാര്‍, സിഡ്കോ ചെയര്‍മാന്‍  നിയാസ് പുളിക്കലത്തേ്, കേരള എജ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. ഷാഹുല്‍ ഹമീദ്, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി, ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് തുടങ്ങിയവരും അഹമ്മദിന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു.

സാമുദായികസഹവര്‍ത്തിത്വത്തിന് നിലകൊണ്ടു
രാജ്യത്തെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഇ. അഹമ്മദ് എം.പിയെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും രാജ്യത്തിന്‍െറ യശസ്സുയര്‍ത്തുകയും ചെയ്ത മന്ത്രിയും മികച്ച പാര്‍ലമെന്‍േററിയനും നയതന്ത്രജ്ഞനുമായിരുന്നു. സമുദായ ഐക്യത്തിനുവേണ്ടി നിലകൊണ്ട നേതാവിനെയാണ് മുസ്ലിം സമുദായത്തിന് നഷ്ടമായതെന്നും അമീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തീരാനഷ്ടം –ഐ.എന്‍.എല്‍
ഇന്ത്യന്‍ മുസ്ലിംകളുടെ അനിഷേധ്യ നേതാക്കളിലൊരാളായിരുന്ന അഹമ്മദിന്‍െറ വിയോഗം ഇന്ത്യന്‍ പൊതുസമൂഹത്തിനും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനും തീരാനഷ്ടമാണെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയ വളപ്പില്‍, ജന. സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അഹമ്മദിന്‍െറ വിയോഗത്തില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എം.ഇ.എസ് പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍, എം.പി. വീരേന്ദ്രകുമാര്‍ എം.പി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് നാസറുദ്ദീന്‍ എളമരം, ആര്‍.എം.പി സെക്രട്ടറി എന്‍. വേണു, എം.എസ്.എസ്  പ്രസിഡന്‍റ് പി. ഉണ്ണീന്‍, ജന. സെക്രട്ടറി എന്‍ജിനീയര്‍ പി. മമ്മത് കോയ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വൈ. പ്രസിഡന്‍റ് മുഹമ്മദ് സക്കീര്‍ എന്നിവര്‍ അനുശോചിച്ചു.

പി.ജെ. കുര്യന്‍
പാര്‍ലമെന്‍റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ അനുശോചിച്ചു.വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പ്രവാസി ഭാരതീയര്‍ക്ക് പൊതുവെയും പ്രവാസി മലയാളികള്‍ക്ക് വളരെ സഹായകരമായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
നഷ്ടമായത് ഏറെ അടുപ്പമുണ്ടായിരുന്ന നേതാവിനെ –മഅ്ദനി
ബംഗളൂരു: രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നപ്പോഴും വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു ഇ. അഹമ്മദെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. അദ്ദേഹത്തിന്‍െറ ഭാര്യ മരിച്ചപ്പോള്‍ താന്‍ സേലം ജയിലില്‍നിന്ന് അയച്ച കത്തില്‍, രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പലതവണ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനിയും വിമര്‍ശിക്കണമെന്നും എന്നാലേ തിരുത്താന്‍ കഴിയൂവെന്നുമാണ് മറുപടി അയച്ചത്. അദ്ദേഹത്തിന്‍െറ കുടുംബത്തിന്‍െറയും പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ദു$ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിനായി പ്രാര്‍ഥിക്കുന്നതായും മഅ്ദനി അറിയിച്ചു.

ഹജ്ജ് കമ്മിറ്റി
ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ ഹജ്ജ് കമ്മിറ്റി അനുശോചിച്ചു. ഹജ്ജ് ഹൗസില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ ഹജ്ജ് കമ്മിറ്റി മെംബര്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മെംബര്‍മാരായ പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, എ.കെ. അബ്ദുറഹിമാന്‍, ഷരീഫ് മണിയാട്ടുകുടി, അഹമ്മദ് മൂപ്പന്‍, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, അസിസ്റ്റന്‍റ് സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍, കോഓഡിനേറ്റര്‍ എന്‍.പി. ഷാജഹാന്‍ തുടങ്ങിയവരും ഹജ്ജ് കമ്മിറ്റി ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.

കെ.എന്‍.എം  
സാമുദായികവും ഭരണപരവുമായ എല്ലാ പദവികളിലും ഉയര്‍ന്നുനില്‍ക്കാന്‍ സാധിച്ച വ്യക്തിത്വമായിരുന്നു ഇ. അഹമ്മദിന്‍േറതെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി പ്രസ്താവനയില്‍ പറഞ്ഞു.
 കെ.എന്‍.എം സംസ്ഥാന നേതാക്കളായ ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പി.പി. ഉണ്ണീന്‍കുട്ടി മൗലവി, എം. അബ്ദുറഹ്മാന്‍ സലഫി, പാലത്ത് അബ്ദുറഹ്മാന്‍ സലഫി, എം. മുഹമ്മദ് മദനി, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, നിസാര്‍ ഒളവണ്ണ തുടങ്ങിയവര്‍ അനുശോചിച്ചു.
ഇ. അഹമ്മദിന്‍െറ വേര്‍പാടില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍ അനുശോചിച്ചു.

കാതോലിക്ക ബാവ
: നിയമസഭ അംഗം, സംസ്ഥാനമന്ത്രി, ലോക്സഭ അംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുകയും അന്തര്‍ദേശീയ രംഗത്ത് ഇന്ത്യയുടെ സ്വരമായി മാറുകയും ചെയ്ത മതേതരത്വത്തിന്‍െറ സൗമ്യനായ വക്താവായിരുന്നു ഇ. അഹമ്മദ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

പ്രവാസികളോട് അനുകമ്പ പുലര്‍ത്തിയിരുന്ന നേതാവ് –എം.എ. യൂസഫലി
പ്രവാസികളോട് അനുകമ്പയും സ്നേഹവും സാഹോദര്യവും  വെച്ചുപുലര്‍ത്തിയിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്നു ഇ. അഹമ്മദ് എന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്ന നിലയിലും അല്ലാത്തപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. പ്രവാസി ഭാരതീയ ദിവസ് നടക്കുമ്പോഴൊക്കെ പ്രവാസികളുടെ ഉന്നമനത്തിനായും പ്രശ്നപരിഹാരങ്ങള്‍ക്കായും പല നിര്‍ദേശങ്ങളും അദ്ദേഹത്തില്‍നിന്നുണ്ടായിട്ടുണ്ട്. രാജ്യത്തിനും വിശിഷ്യ പ്രവാസി സമൂഹത്തിനും വലിയൊരു നഷ്ടമാണ് ഇ. അഹമ്മദിന്‍െറ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്.

നഷ്ടമായത് ജ്യേഷ്ഠ സഹോദരന്‍ –ഗള്‍ഫാര്‍ മുഹമ്മദലി
ജ്യേഷ്ഠ സഹോദരന് സമമായിരുന്ന മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‍െറ വിടവാങ്ങല്‍ ഏറെ വേദനിപ്പിക്കുന്നതായി ഡോ. പി. മുഹമ്മദലി പറഞ്ഞു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമായിരുന്നു. കുടുംബവിഷയങ്ങള്‍ പോലും പരസ്പരം ചര്‍ച്ചചെയ്യുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഒമാനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1983ലാണ്  അഹമ്മദ് സാഹിബിനെ ആദ്യമായി കാണുന്നത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനുള്ള ഇന്ദിര ഗാന്ധിയുടെ സന്ദേശവുമായി പ്രത്യേക ദൂതനായാണ് അദ്ദേഹം അന്ന് ഒമാനിലത്തെിയത്. അന്നുമുതല്‍ ആരംഭിച്ചതാണ് ബന്ധം. കഴിഞ്ഞ 20 വര്‍ഷമായി മുടങ്ങാതെ  എല്ലാ വര്‍ഷവും വീട്ടില്‍ ഇഫ്താറിനത്തെിയിരുന്നു. ഇ. അഹമ്മദിന്‍െറ മരണം പ്രവാസികള്‍ക്കും വലിയ നഷ്ടമാണ്. പ്രവാസികള്‍ക്കായി അദ്ദേഹം നിരവധി കാര്യങ്ങള്‍ ചെയ്തിരുന്നു. പ്രവാസികള്‍ക്ക് ഏതു സമയത്തും ഏതു വിഷയത്തിലും സമീപിക്കാന്‍ പറ്റിയ നേതാവായിരുന്നു അദ്ദേഹമെന്നും ഗള്‍ഫാര്‍ മുഹമ്മദലി പറഞ്ഞു.

 

 

Tags:    
News Summary - kerala governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.