സംസ്ഥാന സർക്കാറിന്റെ 'മലബാർ ബ്രാണ്ടി' അടുത്തവർഷം വിപണിയിൽ: പ്രതിദിനം നിർമിക്കുക 13,000 കെയ്സ് മദ്യം

പാലക്കാട്: സംസ്ഥാന സർക്കാർ പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കുന്ന 'മലബാർ ബ്രാണ്ടി' അടുത്ത ഓണത്തിന് വിപണിയിലെത്തും. പ്രതിദിനം 13,000 കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

2002ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറ്റിയത്. 110 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ബ്രാണ്ടി ഉൽപാദനത്തിനാവശ്യമായ നടപടികൾ ആരംഭിച്ചു. 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല.

പദ്ധതിക്ക് ചിറ്റൂർ മൂങ്കിൽമടയിൽ നിന്ന് വെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. ഇതിനായി 1.87 കോടി രൂപ വാട്ടർ അതോറിറ്റിയ്ക്ക് കൈമാറി.

അതിനിടെ, മദ്യത്തിന്‍റെ നികുതി വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. കേരളത്തിലെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതിയിൽ നാല് ശതമാനം ഇളവ് ചെയ്യുന്ന കേരള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

നാല് ശതമാനം ഇളവ് നൽകുന്നതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം മദ്യത്തിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചതിലൂടെ പരമാവധി 20 രൂപയുടെ വർധന മാത്രമേ ഉണ്ടാകൂ. കേരളത്തിലെ മദ്യക്കമ്പനികൾ വിറ്റുവരവ് നികുതി നൽകണം. എന്നാൽ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികൾക്ക് ഇത് ബാധകമല്ല. കേരളത്തിലെ വിദേശമദ്യ ഉൽപാദകരിൽനിന്ന് മാത്രം വിറ്റുവരവ് നികുതി ഈടാക്കുകയും പുറത്തുനിന്നുള്ളവർക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നത് അനീതിയാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് കേരളത്തിലെ മദ്യക്കമ്പനികളിൽനിന്ന് ഈടാക്കിവരുന്ന വിറ്റുവരവ് നികുതിയിൽ നാല് ശതമാനം ഇളവ് നൽകാൻ വിശദ ചർച്ചകൾക്കുശേഷം സർക്കാർ തീരുമാനിച്ചത്. അതുവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താനാണ് മദ്യത്തിന്‍റെ വിൽപന നികുതി നാല് ശതമാനം കൂട്ടിയതെന്നും മന്ത്രി അറിയിച്ചു.

വിറ്റുവരവ് നികുതിയിൽ ഇളവ് നൽകി മദ്യ ഉൽപാദകരെ സഹായിക്കുന്ന സർക്കാർ, ഭാരം മുഴുവൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ നീക്കത്തിന് പിന്നിൽ എന്തോ ചീഞ്ഞുനാറുന്നതായും സംശയം ഉന്നയിച്ചു.

Tags:    
News Summary - Kerala Government's 'Malabar Brandy' to market next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.