തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനകീയമെന്ന നിലയിൽ ക്ഷേമപെൻഷനിൽ 100 രൂപയുടെ വർധന വരുത്താൻ സജീവ നീക്കം. അഞ്ചുവർഷംകൊണ്ട് ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രഖ്യാപനമെങ്കിലും പണഞെരുക്കം മൂലം മന്ത്രി കെ.എൻ. ബാലഗോപാലിന്റെ നാല് ബജറ്റുകളിലും വർധന വരുത്തിയിട്ടില്ല. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് എന്നതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി ആസന്നമാകുന്ന സാഹചര്യത്തിലാണ് ജനപ്രിയ പ്രഖ്യാപനത്തിനുള്ള തിരക്കിട്ട ചർച്ചകൾ.
ആദായ നികുതിപരിധി ഉയർത്തിയുള്ള കേന്ദ്രബജറ്റ് പ്രഖ്യാപനം വലിയ സ്വീകാര്യതയാർജിച്ചിരുന്നു. സമാന നിലയിൽ സംസ്ഥാന ബജറ്റും ജനപ്രിയമാക്കുന്നതിനുള്ള ആലോചനകളിലാണ് ക്ഷേമ പെൻഷൻ വർധന അവസാന നിമിഷം സജീവ പരിഗണനയായി അജണ്ടയിലുൾപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേമപദ്ധതികൾക്കും മുൻഗണന നൽകണമെന്ന നിലപാടാണ് ഇക്കുറിയുള്ളത്. ഏറ്റവും ഒടുവിൽ 2021ൽ ഒന്നാം പിണറായി സർക്കാറിന്റെ അവസാന ബജറ്റിലാണ്1500 രൂപയായിരുന്ന ക്ഷേമപെൻഷനിൽ 100 രൂപയുടെ വർധന വരുത്തിയത്.
സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. 1600 രൂപ നിരക്കിലെ പ്രതിമാസ പെൻഷനിൽ 100 രൂപയുടെ വർധനയുണ്ടായാൽ തന്നെ സർക്കാറിന്റെ ക്ഷേമദൗത്യങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, മറ്റേത് പുതിയ വികസന-ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെക്കാളും പെൻഷൻ തുക വർധന ജനങ്ങളിൽ സ്വാധീനമുണ്ടാക്കുമെന്നും സർക്കാർ കരുതുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നീക്കത്തോട് വിയോജിപ്പുണ്ടെങ്കിലും പെൻഷൻ വർധിപ്പിക്കണമെന്ന നിലപാടാണ് ഇടതുമുന്നണിക്കും സി.പി.എമ്മിനും.
കഴിഞ്ഞ വർഷവും ക്ഷേമപെൻഷൻ വർധന സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും ധനസ്ഥിതിയുടെ പേരിൽ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ പരിഗണിക്കാത്ത പക്ഷം, പൊതുതെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കുന്ന, 2026 ഫെബ്രുവരിയിലാണ് ഇനി ബജറ്റുണ്ടാവുക. ആ സമയത്തെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് അജണ്ടയായി വ്യാഖ്യാനിക്കാനിടവരുത്തും. ബജറ്റ് തയാറെടുപ്പുകൾക്ക് മുന്നോടിയായി ധനമന്ത്രി ബാലഗോപാൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ക്ഷേമപെൻഷൻ വർധന അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.
കേന്ദ്രവിഹിതം നാമമാത്രം
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് കേന്ദ്ര സർക്കാറിൽനിന്ന് വിഹിതം ലഭിക്കുന്നത്. അതും ശരാശരി 300 രൂപവരെ. ബാക്കി മുഴുവൻ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. വാർധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കു മാത്രമാണ് നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കുടിശ്ശികയാണ്. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയയിനത്തിൽ കേന്ദ്ര സർക്കാറിൽ നിന്ന് കിട്ടാനുണ്ട്.
പ്രതിമാസം 62 ലക്ഷം പേർക്ക് 1600 രൂപ വീതം പെൻഷൻ നൽകുന്നതിന് 900 കോടിയോളം രൂപയാണ് വേണ്ടത്. നിലവിൽ മൂന്ന് മാസത്തെ പെൻഷനായി 4800 രൂപ ഓരോ ഗുണഭോക്താവിനും നൽകാനുണ്ട്. ഈയിനത്തിൽ മാത്രം 2700 കോടി രൂപ കണ്ടെത്തണം. പുറമെ, അതത് മാസത്തേക്കുള്ള 900 കോടിയും. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപന പ്രകാരം ശേഷിക്കുന്ന, മൂന്ന് ഗഡു കുടിശ്ശിക 2025 ഏപ്രിലിനും 2026 മാർച്ചിനുമിടയിൽ നൽകണം. ബജറ്റിൽ 100 കൂടി വർധിപ്പിച്ചാൽ അതും പ്രാബല്യത്തിൽ വരുത്തേണ്ടതും ഈ സാമ്പത്തിക കാലയളവിൽ തന്നെ. ഫലത്തിൽ പ്രതിമാസ ബാധ്യത 1000 കോടി കടക്കും. ഇതാണ് ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ എതിർപ്പിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.