സർക്കാറുമായി വീണ്ടും കൊമ്പുകോർക്കാനൊരുങ്ങി ഗവർണർ; ബില്ലുകളുടെ കാര്യത്തിൽ കോടതിയിൽ പോകട്ടെയെന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി ​കൊമ്പുകോർക്കാനൊരുങ്ങി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒപ്പിടാതെ മാറ്റിവെച്ച ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്നാണ് ​ഗവർണറുടെ പ​ുതിയ പ്രസ്താവന. താൻ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും തനിക്കെതിരെ കോടതിവിധിയുമായി വരട്ടെയെന്നും ​ഗവർണർ പറഞ്ഞു. നിയമസഭ പാസാക്കി രാജ്ഭവനിലേക്കയച്ചെങ്കിലും ഗവർണർ മാസങ്ങളായി ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന വിമർശനം മുഖ്യമന്ത്രി തന്നെ അടുത്തിടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അഞ്ചുമാസംമുതൽ രണ്ടുവർഷംവരെയുള്ള എട്ടു ബില്ലാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പിടിച്ചു​വെച്ചിരിക്കുന്നത്. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ, ലോകായുക്ത ബിൽ, സർവകലാശാലാ നിയമഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ തീരുമാനമെടുക്കാനുള്ളത്. ബില്ലുകളിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം മന്ത്രിമാരും ഉദ്യോഗസ്ഥരും നൽകിയിരുന്നു. എങ്കിലും അനിശ്ചിതമായി ബില്ലുകൾ ഒപ്പിടാത്തതിൽ സർക്കാർ ​അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും ​ഗവർണർ നിലപാട് മാറ്റിയിരുന്നില്ല.

കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരായി സർക്കാർ നൽകിയ ഹർജിയിൽ ബില്ലിൽ ഗവർണർ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന സുപ്രധാന നിർദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. വൈസ്‌ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് പശ്‌ചിമബംഗാൾ സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌.

ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാ​െൻറ അഭിപ്രായം സർക്കാർ തേടിയിരുന്നു. കേസ് നടത്താൻ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലി​െൻറ സേവനം തേടുമെന്നും സർക്കാർ അറിയിച്ചിരുന്നു.

Tags:    
News Summary - Kerala government conflict with governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.