സുരേഷ് ബാബുവിനെതിരെ ക്രിമിനൽ നടപടി വേണമെന്ന് സെബാസ്റ്റ്യൻ പോൾ; 'നേതാക്കളിൽ സദാചാരബോധം വളർത്തണം, സ്ത്രീകൾക്ക് പാർട്ടി ഓഫിസിൽ നിർഭയം ചെല്ലാൻ കഴിയണം'

കൊച്ചി: ലൈംഗിക അതിക്രമ പരാതിയെത്തുടർന്ന് സുരേഷ് ബാബുവിനെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയ പാർട്ടി നടപടി മതിയാകില്ലെന്നും, ക്രിമിനൽ നടപടിയാണ് വേണ്ടതെന്നും മുൻ ഇടത് എംപിയും എംഎൽഎയും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ.

പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരിൽ ആദരണീയമായ സദാചാരബോധം വളർത്തിയെടുക്കാൻ ശ്രമമുണ്ടാകണം. ഏതു പ്രായത്തിലുള്ള സ്ത്രീക്കും ഏതു സമയത്തും പാർട്ടി ഓഫിസിൽ നിർഭയം കടന്നുചെല്ലാൻ കഴിയേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. 'പരിഹാരം പാർട്ടിയിൽ പോരാ; വേണ്ടത് നിയമനടപടി' എന്ന തലക്കെട്ടിൽ മലയാള മനോരമയിൽ എഴുതിയ ലേഖനത്തിലാണ് പ്രതികരണം.

പാർട്ടി നടപടി സ്വാഗതാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ട് വേഗത്തിലെടുത്ത തീരുമാനം പാർട്ടിയിൽ പ്രതീക്ഷയോടെ നടക്കുന്ന തിരുത്തലിന്റെയും നവീകരണത്തിന്റെയും ഭാഗമാണെന്നും, പാർട്ടിക്കു നൽകാവുന്ന ഏറ്റവും കൂടിയ ശിക്ഷ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്രിമിനൽ നടപടിക്രമമനുസരിച്ചു നടപടിയെടുക്കേണ്ടതു പൊലീസാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മേലധികാരിക്കു ലഭിക്കുന്ന ലൈംഗിക അതിക്രമ പരാതി പൊലീസിനു കൈമാറാൻ നിയമപരമായ ബാധ്യതയുണ്ട്. അഭിഭാഷകയായ പരാതിക്കാരിക്കു പൊലീസിനെയോ കോടതിയെയോ സമീപിക്കാൻ തടസ്സമില്ലെങ്കിലും, പരാതി കിട്ടുമ്പോൾ പാർട്ടി ചെയ്യേണ്ടതു ചെയ്യണം. പ്രതിയെ സംരക്ഷിക്കാൻ പാർട്ടി ശ്രമിക്കുന്നതായി ആക്ഷേപമുണ്ടാകരുതെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

പാർട്ടിയുടെ ഭരണഘടനയും നിയമാവലിയുമനുസരിച്ചു സ്വീകരിച്ച നടപടി നാട്ടിലെ നിയമമനുസരിച്ചുള്ള നടപടികൾക്കു തടസ്സമാകുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. സമാനസാഹചര്യങ്ങളിൽ പ്രമാണിമാരായ പലരുടെയും കാര്യത്തിൽ സ്വീകരിച്ചതിൽനിന്നു വ്യത്യസ്തമായ സമീപനമാണ് പാലക്കാട്ടു കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ കരങ്ങളിലേക്കു പ്രതിയെ ഏൽപിച്ചുകൊടുക്കുകയെന്ന ബാധ്യത പാർട്ടി നിറവേറ്റണമെന്നാണ് ആവശ്യം.

ഇപ്പോഴത്തെ പരാതിക്കു കാരണം പ്രണയമോ സൗഹൃദമോ അല്ലെന്നും, പാർട്ടിയിലെ പദവിയുടെ പ്രാമുഖ്യം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികചൂഷണത്തിനു വിധേയമാക്കുന്നെന്ന ആക്ഷേപം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫിസിനു പ്രവർത്തകർ കൽപിക്കുന്ന വിശുദ്ധിയും വിമുക്തിയും അനാശാസ്യത്തിനു ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - Criminal action needed against Suresh Babu: Sebastian Paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.