പയ്യന്നൂർ: സംസ്ഥാന നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയ വയലുകളിലും തണ്ണീർത്തടങ്ങളിലും വീടുവെക്കാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നൽകി സർക്കാർ ഉത്തരവായി. തദ്ദേശ സ്വയംഭരണ വകുപ്പ് 1858832/ ആർ.എ 2017 ഉത്തരവിലാണ് ഉപാധികളോടെ വീടുനിർമാണത്തിന് അനുമതി നൽകാൻ നിർദേശിച്ചത്. ഇതുപ്രകാരം നഗരങ്ങളിൽ അഞ്ചു സെൻറും നഗരേതര പ്രദേശങ്ങളിൽ 10 സെൻറും സ്ഥലത്ത് കെട്ടിടം നിർമിക്കാനായിരിക്കും അനുമതി നൽകുക.
നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ കരട് ഡാറ്റബാങ്കിൽ നെൽവയൽ, നീർത്തടമായി ഉൾപ്പെട്ടിട്ടില്ലാത്തതും എന്നാൽ റവന്യൂ രേഖകളിൽ നിലം, പാടം, നെൽവയൽ, തണ്ണീർത്തടം എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്ത വസ്തുക്കളിൽ വീടു നിർമിക്കുന്നതിന് അനുവാദം നൽകാൻ നിലവിൽ പ്രാദേശിക ഭരണകൂട മേധാവികൾക്ക് അധികാരമില്ല. ഇത്തരം പ്രദേശങ്ങളിൽ നിർമാണാനുമതി നൽകുന്നതിനു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ എന്നിവരടങ്ങുന്ന ടീം സന്ദർശനം നടത്തി 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയതാണെന്ന് ഉറപ്പുവരുത്തി മാത്രമാണ് അനുമതി നൽകിയിരുന്നത്. ഇത് നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണത്രെ തദ്ദേശ സ്വയംഭരണ സെക്രട്ടറിയിൽ മാത്രമായി അധികാരം നിജപ്പെടുത്തിയത്. ഇതിനു പുറമെ സർക്കാർ ആവിഷ്കരിച്ച ലൈഫ്മിഷൻ ഉൾപ്പെടെയുള്ള പദ്ധതി നടപ്പാക്കുന്നതിനും നിലവിലുള്ള നിയമം തടസ്സമാകുന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സി.ആർ.ഇസെഡ് നിയമപ്രകാരമുള്ള നിയമക്കുരുക്കുകളിൽപെട്ട് പല അപേക്ഷകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നതായി ചില ജില്ല കലക്ടർമാരും സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇത്തരം ഭൂപരിധിക്കകത്ത് ഇതിനകം വീട് നിർമിച്ചുകഴിഞ്ഞവർക്ക് സ്വന്തം താമസത്തിനാണെന്ന് ഉറപ്പുവരുത്തിയ ശേഷം കെട്ടിട നമ്പർ അനുവദിക്കാമെന്നും ഉത്തരവിലുണ്ട്. ഇതിനു പുറമെ ലൈഫ്മിഷൻ പദ്ധതിക്കുവേണ്ടി നിർമിക്കുന്ന കെട്ടിട സമുച്ചയങ്ങൾക്ക് ഭൂപരിധി കണക്കാക്കാതെ നിർമാണാനുമതി നൽകണമെന്നും നിർദേശമുണ്ട്. പദ്ധതിക്കായി സർക്കാറിലേക്ക് നിരുപാധികം വിട്ടുനൽകുന്ന ഭൂമിക്കു ഭൂപരിധി കണക്കാക്കാതെ നിർമാണാനുമതി നൽകണം. ഇതുപ്രകാരം കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഉടൻ തീർപ്പാക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.